പാചകവാതകം ചോർച്ച; തീ ആളിപ്പടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
പാചകവാതക സിലിൻഡർ ചോർന്നതറിയാതെ സ്വിച്ചിട്ടപ്പോൾ തീ ആളിപ്പടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപ്പുരയഴികം വീട്ടിൽ എൻ.രത്നമ്മ(74)യാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം.
വീടിന്റെ ഹാളിൽ കിടന്ന് ഉറങ്ങുകയായിരുന്ന ഇവർ ചായ തയ്യാറാക്കുന്നതിന് അടുക്കളവാതിൽതുറന്ന് ലൈറ്റിന്റെ സ്വിച്ചിട്ടപ്പോൾ മുറിക്കുള്ളിൽ തങ്ങിനിന്ന വാതകത്തിന് തീപിടിക്കുകയായിരുന്നു.
ആളിപ്പടർന്ന തീയിൽപ്പെട്ട ഇവർക്ക് ഗുരുതരമായ പൊള്ളലേറ്റു. അടുക്കളയിൽനിന്ന് ഹാളിലേക്ക് നിലവിളിച്ചുകൊണ്ടോടിയ രത്നമ്മ ഉടൻ കുഴഞ്ഞുവീണു. സമീപത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന മകന്റെ ഭാര്യ ചിത്ര വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നാലെ ഓടിയെത്തിയ കൊച്ചുമക്കൾ ചേർന്ന് രത്നമ്മയുടെ ശരീരത്തിലേക്ക് ചാക്ക് നനച്ചിട്ട് തീ കെടുത്തി.
ഉടൻതന്നെ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രാഥമികചികിത്സ നൽകി. 50 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്നതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച അർധരാത്രി മരിച്ചു.
ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് തെളിവെടുപ്പ് നടത്തുമെന്ന് ഇരവിപുരം പോലീസ് പറഞ്ഞു. പാചകവാതക സിലിൻഡർ വിതരണം ചെയ്യുന്ന കമ്പനി അധികൃതരും പരിശോധന നടത്തും. മൃതദേഹപരിശോധന പൂർത്തിയാക്കി സംസ്കാരം നടത്തി. ഭർത്താവ്: കെ.ബാലകൃഷ്ണൻ. മക്കൾ: രാജി, ബാബുലാൽ, രജനി. മരുമക്കൾ: രാജേന്ദ്രൻ, ചിത്ര, സുനിൽ. ഇരവിപുരം പോലീസ് കേസെടുത്തു.