സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം; സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ക്ക് ഹൈക്കോടതി നോട്ടീസ്
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പരാതിയിൽ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.നാല് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്.സംവിധായകന്‍ ലിജീഷ് മുള്ളേഴത്തിന്റെ ഹര്‍ജിയിലാണ് നടപടി. പുരസ്‌കാര നിര്‍ണ്ണയത്തില്‍ സ്വജനപക്ഷപാതമുണ്ടെന്നായിരുന്നു പ്രധാന ആക്ഷേപം.പുരസ്‌കാര നിര്‍ണ്ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടുവെന്നും ലിജീഷ് മുള്ളേഴത്ത് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
വിഷയത്തിൽ ലിജീഷ് മുള്ളേഴത്ത് അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിയിരുന്നില്ല. പരാതിയിന്മേല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ലിജീഷ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം കടുത്ത വിവാദങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സംവിധായകന്‍ വിനയനാണ് ആരോപണങ്ങളുമായി ആദ്യം രംഗത്തുവന്നത്. പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നാണ് വിനയന്‍ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പുരസ്‌കാര നിര്‍ണയ പാനലിലെ ജൂറിയായിരുന്ന ജെന്‍സി ഗ്രിഗറി, നേമം പുഷ്പരാജ് എന്നിവരുടെ ശബ്ദരേഖ സംവിധായകന്‍ പുറത്തുവിട്ടിരുന്നു. ഹർജി ഹൈക്കോടതി വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.