ഡൽഹി മദ്യനയ അഴിമതി കേസ്: വിമർശിച്ച് സുപ്രീംകോടതി
ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡിക്ക് സുപ്രീം കോടതിയുടെ വിമർശനം. പ്രതി ബിനോയ് ബാബുവിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിചാരണയ്ക്ക് മുൻപ് ആളുകളെ ദീർഘകാലം കസ്റ്റഡിയിൽ വയ്ക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. പതിമൂന്ന് മാസങ്ങളായി ബിനോയ് ബാബു ജയിലാണ്. വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരാളെ അനന്തമായി ജയിലിടാനാകില്ലെന്നാണ് കോടതിയുടെ നീരിക്ഷണം.
കേസിൽ സിബിഐ ആരോപിക്കുന്നതും ഇഡി ആരോപിക്കുന്നതും തമ്മിൽ വൈരുധ്യമുണ്ടെന്നും ജസ്റ്റിസ് ഖന്ന നീരീക്ഷിച്ചു. പെർണോഡ് റിക്കാർഡ് ഇന്ത്യയിൽ ഒരു ജൂനിയർ ഉദ്യോഗസ്ഥനായ ബിനോയിക്ക് കമ്പനിയുടെ നയപരമായ കാര്യങ്ങളിൽ ഒരുത്തരവാദിത്തവുമില്ലെന്ന വാദമാണ് അഭിഭാഷകൻ ഹരീഷ് സാൽവേ ഉയര്‍ത്തിയത്. പക്ഷേ, ബിനോയിയെ വെറുമൊരു കാഴ്ചക്കാരന്റെ സ്ഥാനത്ത് നിര്‍ത്താൻ സാധിക്കില്ലെന്ന് ഇഡി മറുവാദം ഉന്നയിച്ചു.
ആം ആദ്മി പാർട്ടിയുടെ കമ്യൂണിക്കേഷൻ മാനേജരായിരുന്ന വിജയ് നായരുടെ നിർദേശ പ്രകാരം ലൈസൻസ് നൽകുന്നതിൽ ബിനോയി ബാബു ഇടപെട്ടിട്ടുണ്ടെന്നാണ് ഇഡി പിന്നീട് ഉയര്‍ത്തിയ വിഷയം. എന്നാല്‍, മദ്യനയം നിലവിൽ വന്നതിന് ശേഷമാണ് വിജയ് നായരുമായി ബിനോയ് ചര്‍ച്ച നടത്തിയതെന്ന് ഹരീഷ് സാല്‍വേ കോടതിയില്‍ പറഞ്ഞു. മൊത്തക്കച്ചടവക്കാർക്കും വിതരണക്കാർക്കുമാണ് മദ്യനയവുമായി ബന്ധമുള്ളത്.
ഉത്പാദകർക്ക് ഇതിൽ പങ്കില്ലെന്നും സാല്‍വേ വാദിച്ചു. മദ്യനയം നിലവിൽ വന്നതിന് ശേഷമാണോ വിജയ് നായരുമായി ബിനോയ് ചര്‍ച്ച നടത്തിയതെന്ന് ജസ്റ്റിസ് ഖന്ന അഡീഷനൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിനോട് ചോദിച്ചു. അതെയെന്നായിരുന്നു മറുപടി. ബിനോയ് ബാബുവിന് ജാമ്യം ലഭിക്കുന്നതില്‍ ഈ മറുപടിയും നിർണായകമായി. മദ്യനയവുമായി ബന്ധപ്പെട്ട നിർണായ രേഖകൾ ബിനോയ് കൈവശം വച്ചിരുന്നുവെന്നതായി അടുത്ത വാദം. ഒരാളെ വിചാരണ നടത്താതെ അനിശ്ചിത കാലം തടവിൽ പാർപ്പിക്കാൻ കഴിയില്ലെന്ന് ഇതോടെ ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.