Begin typing your search...

അരിക്കൊമ്പൻ ഫാൻസും ഹൈക്കോടതിയും എവിടെ? : ആഞ്ഞടിച്ച് ഡീൻ

അരിക്കൊമ്പൻ ഫാൻസും ഹൈക്കോടതിയും എവിടെ? : ആഞ്ഞടിച്ച് ഡീൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലെ മേതകാനത്തിനു സമീപം കൊണ്ടുവിട്ട കാട്ടാന അരിക്കൊമ്പൻ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ സംഭവത്തിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും എംപിയുമായി ഡീൻ കുര്യാക്കോസ്. ഇത്രയും അക്രമകാരിയായ, ഇത്രയും ആളുകളെ കൊന്നടുക്കിയ, നാടിനു മുഴുവൻ അസ്വസ്ഥ സൃഷ്ടിക്കുന്ന കാട്ടാനയെ മെരുക്കാൻ കഴിവില്ലാത്ത ഒരു സമൂഹം കേരളത്തിൽ ഉണ്ടായിപ്പോയല്ലോ എന്നതിൽ ലജ്ജിക്കുന്നുവെന്ന് ഡീൻ പ്രതികരിച്ചു. അരിക്കൊമ്പനെ പൊക്കിക്കൊണ്ടു നടന്ന ഫാൻസും ഹൈക്കോടതിയും ഇപ്പോൾ എവിടെയാണെന്നും ഡീൻ ചോദിച്ചു.

ഡീൻ കുര്യാക്കോസിന്റെ വാക്കുകളിലൂടെ

അരിക്കൊമ്പൻ ചിന്നക്കനാലിലേക്കു മടങ്ങിവരുന്നു എന്നതിന് അപ്പുറം, കമ്പം ടൗണിൽ ഒന്നും സംഭവിക്കാതിരിക്കട്ടെ എന്നു ഞാൻ പ്രാർഥിക്കുകയാണ്. എന്തൊരു ദൗർഭാഗ്യകരമായ അവസ്ഥയാണിത്. ആനപ്രേമികളെല്ലാം അരിക്കൊമ്പന്റെ ഈ പരാക്രമം കണ്ട് ആസ്വദിക്കുകയായിരിക്കും. അരിക്കൊമ്പൻ ഫാൻസ് അസോസിയേഷന്റെ ആളുകളൊക്കെ ഇപ്പോൾ എവിടെ പോയി?

സത്യത്തിൽ എത്രയോ നിർഭാഗ്യകരമായ ഒരു അവസ്ഥയാണിത്. ഇത്രയും അക്രമകാരിയായ ഒരു ആനയെ തളയ്ക്കാൻ വേണ്ടി തീരുമാനമെടുത്തപ്പോൾ അതിനെ അട്ടിമറിക്കാനായി എല്ലാ ഗൂഢശ്രമങ്ങളും നടത്തിയ ആളുകൾക്ക് സമർപ്പിക്കുകയാണ് ഞാൻ ഇതെല്ലാം. കാരണം, അത്രത്തോളം ദൗർഭാഗ്യകരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

കമ്പം ടൗണിൽ ഇപ്പോൾ എന്താണ് സ്ഥിതി? നമുക്ക് ഊഹിക്കാൻ കഴിയുമോ? നൂറുകണക്കിന് ആളുകളെ ഈ കാട്ടാന വെളുപ്പിനെ ആട്ടിപ്പായിച്ചു. തലനാരിഴയ്ക്കാണ് ആളുകൾ ജീവനുംകൊണ്ട് രക്ഷപ്പെട്ടത്. എന്നിട്ടും ഇതെല്ലാം കണ്ട് ആസ്വദിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ടല്ലോ എന്നോർത്ത് ഞാൻ ലജ്ജിക്കുന്നു. ഇതൊരു പ്രശ്നക്കാരനായ ആനയാണ്. അതിനെ തളയ്ക്കുക എന്നല്ലാതെ മറ്റെന്ത് മാർഗമാണുള്ളത്? ഇങ്ങനെയൊരു സമൂഹം ഈ നാട്ടിൽ ഉണ്ടായിപ്പോയല്ലോ. ഈ വിഷയത്തിൽ ഹൈക്കോടതി എവിടെ നിൽക്കുന്നു?

കോടതി സംവിധാനങ്ങൾ ഉൾപ്പെടെ ഇത്തരമൊരു പ്രതിസന്ധിയെ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്തതുകൊണ്ടുള്ള ബുദ്ധിമുട്ടല്ലേ നാം ഇപ്പോൾ അനുഭവിക്കുന്നത്? എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കണം. ഇനിയും ഒരു മനുഷ്യന്റെ ജീവൻ വിട്ടുകൊടുക്കാൻ കഴിയില്ല. ഇവിടെ ആളുകൾ പേടിച്ചരണ്ട് രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ വിഷമിക്കുകയാണ്. ഇപ്പോൾ കമ്പം ടൗണിൽ നടന്ന സംഭവങ്ങളെല്ലാം പട്ടാപ്പകലാണ് ഉണ്ടായത്. അത് തമിഴ്നാട്ടിലായിപ്പോയി എന്നല്ലേയുള്ളൂ.

ഇത്തരമൊരു ദുരവസ്ഥ ഇവിടെ സൃഷ്ടിച്ചതിൽ കേരളത്തിലെ വലിയൊരു സമൂഹത്തിന് പങ്കുണ്ട് എന്നു തന്നെ പറയേണ്ടി വരും. ഇക്കാര്യത്തിൽ ഒരിക്കലും മാപ്പർഹിക്കാത്ത തെറ്റാണ് അവർ ചെയ്തത്. ഈ സംഭവത്തിൽ കോടതിക്കും കോടതിയുടെ നിർദ്ദേശം നടപ്പാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ പിഴവു സംഭവിച്ചുവെന്നത് നൂറു ശതമാനം ശരിയാണ്. ഇതെല്ലാം കണ്ട് ആസ്വദിച്ച എല്ലാവർക്കും പങ്കുണ്ട്. ഇനി ആ ആനയെ തളയ്ക്കാൻ എത്ര ലക്ഷം, അല്ലെങ്കിൽ കോടി രൂപ ചെലവഴിക്കേണ്ടി വരും?

വന്യമൃഗങ്ങളുടെ ഉപദ്രവങ്ങളിൽനിന്ന് ജനത്തെ രക്ഷിക്കാൻ പ്രതിരോധ മാർഗങ്ങൾ ക്രമീകരിക്കാൻ വനംവകുപ്പിന് കഴിയുന്നില്ല. ഒരു തരത്തിലുമുള്ള സുരക്ഷിതത്വവും നാട്ടിലെ ജനങ്ങൾക്ക് അനുഭവപ്പെടുന്നില്ല. അതിനിടെയാണ് ഇല്ലാത്ത പണമുണ്ടാക്കി അരിക്കൊമ്പനെ പിടികൂടി മേദകാനത്ത് കൊണ്ടുപോയി ഇറക്കിവിട്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇനി ഈ ആനയെ തളയ്ക്കണമെങ്കിൽ എത്ര രൂപ കേരള സർക്കാരിന്റെ ഖജനാവിൽനിന്ന് അല്ലെങ്കിൽ തമിഴ്നാട് സർക്കാരിന്റെ ഖജനാവിൽനിന്ന് ചെലവഴിക്കേണ്ടി വരും?

ഇത്രയും അക്രമകാരിയായ, ഇത്രയും ആളുകളെ കൊന്നടുക്കിയ നാടിനു മുഴുവൻ അസ്വസ്ഥ സൃഷ്ടിച്ച കാട്ടാനയെ മെരുക്കാൻ കഴിവില്ലാത്ത ഒരു സമൂഹം കേരളത്തിൽ ഉണ്ടായിപ്പോയല്ലോ. ഇക്കാര്യത്തിൽ ആവശ്യമായ കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയാത്ത ഒരു സർക്കാർ ഇവിടെ ഉണ്ടായിപ്പോയല്ലോ.

ആ ആനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു. അങ്ങനെ അതിന്റെ സ‍ഞ്ചാരദിശ നാം മനസ്സിലാക്കുന്നു. എന്നിട്ട് എന്തുണ്ടായി? മനസ്സിലാക്കിയിട്ട് എന്തു കാര്യം? ആന എങ്ങോട്ട് പോകുന്നു എന്ന് അറിഞ്ഞിട്ട് എന്തു ഗുണം? റേഡിയോ കോളർ ഇല്ലെങ്കിലും വനംവകുപ്പ് ജീവനക്കാർ നിരീക്ഷിച്ചാൽ ഇത് എങ്ങോട്ടു പോകുന്നുവെന്ന് അറിയാം. ഈ ആന രണ്ടു മൂന്നു ദിവസമായി കുമളി ടൗണിനു സമീപം വന്ന് തമ്പടിച്ചിരിക്കുന്നു. റേഡിയോ കോളർ ഒന്നും ഇല്ലെങ്കിലും ഇത് ഉടനെ ലോവർ ക്യാംപിലേക്കു പോകുമെന്ന് എല്ലാവർക്കും അറിയാം. അതിനു താഴെ കമ്പം ടൗണാണ്. അടുത്തതായി അവിടെയെത്തും. ഇവരുടെ കോളർ ഇല്ലെങ്കിലും ഇതൊക്കെയാണ് നടക്കാൻ പോകുന്നതെന്ന് എല്ലാവർക്കും അറിയാം.

ആ കോളറൊന്നും നാട്ടുകാർക്ക് വേണ്ട. ഈ ആന ഇനി ചിന്നക്കനാലിലേക്കു പോകുമെന്ന് ഇവർ പറഞ്ഞുതന്നിട്ടു വേണോ മനസ്സിലാക്കാൻ? ഇത്രയും നാണംകെട്ട ഒരു പരിപാടി മുൻപ് കേരളത്തിലുണ്ടായിട്ടില്ല. ആനയെ തളയ്ക്കാൻ എന്തു നടപടി ആരു സ്വീകരിച്ചാലും ജനപ്രതിനിധി എന്ന നിലയിൽ അവർക്കൊപ്പം ‍ഞാനുണ്ടാകും.

WEB DESK
Next Story
Share it