കൊടി സുനിയെ ജയിലിലിട്ട് മർദ്ദിച്ചെന്ന് പരാതി; മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ വീണ്ടും സംഘർഷമെന്ന് പരാതി. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് മർദ്ദനമേറ്റതായാണ് പരാതി. വിയ്യൂർ ജയിലിലെ സംഘർഷങ്ങളുടെ തുടർച്ചയായി കൊടി സുനിക്ക് മർദ്ദനം ഏറ്റെന്നാണ് പരാതി. ജയിലിനുള്ളിൽ ജയിൽ ജീവനക്കാർ മർദ്ദിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. കൊടി സുനിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്നാണ് കുടുംബം പരാതി നൽകിയത്. ഇന്നലെ ഉച്ചയോടെ കൊടി സുനിയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നടന്നത് കലാപശ്രമമെന്ന് വ്യക്തമാക്കി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെ 10 പേർക്കെതിരെ വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.
സംഭവത്തിൽ നാല് ജീവനക്കാർക്കും ഒരു തടവുകാരനും പരിക്കേറ്റിരുന്നു. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചേർത്താണ് വിയ്യൂർ പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് നിന്നും വിയ്യൂർ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റിയ കൊലപാതക കേസ് പ്രതി കാട്ടുണ്ണി രഞ്ജിത്താണ് വധഭീഷണി മുഴക്കി കലാപത്തിന് തുടക്കമിട്ടത്. ഉദ്യോഗസ്ഥരെ ഇരുമ്പ് വടി കൊണ്ട് അടിച്ച് വീഴ്ത്തി മർദ്ദിച്ചു.
പിന്നാലെ കൊടിസുനിയുടെ നേതൃത്വത്തിലുള്ള സംഘം ഗാർഡ് റൂം അടിച്ച് തകർത്തു. കസേരകളും മേശയും ഫോണും വയർലെസ് ഉപകരണങ്ങളും ടെലഫോൺ ബൂത്തും തകർത്തു. ജയിലിലെ കിച്ചനിൽ ജോലി ചെയ്തിരുന്ന ജോമോനെന്ന തടവുകാരനെയും പ്രതികൾ ആക്രമിച്ചു. കലാപം തടയാനെത്തിയ ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമൻ, മറ്റ് ജീവനക്കാരായ വിനോദ് കുമാർ, ഓം പ്രകാശ്, അർജുൻ എന്നിവർക്ക് പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റു. കാട്ടുണ്ണി രഞ്ജിത്ത് ഒന്നാം പ്രതിയായ കേസിൽ കൊടി സുനി അഞ്ചാം പ്രതിയാണ്.