മന്ത്രി പി. രാജീവിനെതിരെ സിപിഐ; മന്ത്രി ചർച്ചയ്‌ക്ക് പോലും തയ്യാറാകുന്നില്ലെന്ന് വിമർശനം
കയർ, വ്യവസായ മന്ത്രി പി. രാജീവിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ രംഗത്ത്. കയർ മേഖലയിലെ പ്രതിസന്ധിയിൽ മന്ത്രി ചർച്ചയ്‌ക്ക് പോലും മന്ത്രി പി രാജീവ് തയ്യാറാകുന്നില്ലെന്ന് സിപിഐ ആലപ്പുഴ ജില്ല സെക്രട്ടറി ടി ജെ ആഞ്ജലോസ് കുറ്റപ്പെടുത്തി.
രാജഭരണകാലത്തും സർ സിപിയുടെ കാലത്ത് പോലും തൊഴിലാളികളുമായി ചർച്ച നടന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരു പ്രതികരണവും ഇല്ലാത്തതിനാൽ മന്ത്രി പി രാജീവിന് നിവേദനം നൽകുന്നത് തന്നെ നിർത്തി. മുഖ്യമന്ത്രിക്കാണ് യൂണിയനുകൾ ഇപ്പോൾ നിവേദനങ്ങൾ നൽകുന്നതെന്നും ടി.ജെ. ആഞ്ജലോസ് പറഞ്ഞു.
'കയർ ഉൽപന്നങ്ങൾ ഇനി സംഭരിക്കില്ലെന്നാണ് മന്ത്രി പറയുന്നത്. ഇങ്ങനെ പറയാൻ മന്ത്രിക്ക് ഒരവകാശവുമില്ല. ഇത് ഇടത് മുന്നണിയുടെ നയത്തിനെതിരാണ്. തൊഴിലാളികളോട് കാണിക്കുന്ന വഞ്ചനയാണിത്. മാത്രമല്ല കയർ പതിസന്ധി പരിഹരിക്കാൻ മന്ത്രി നിയോഗിച്ച വിദഗ്ധ സമിതിയെ അംഗീകരിക്കില്ല. കയർമേഖലയുമായി ബന്ധമുള്ള ഒരാൾപോലും സമിതിയിലില്ലെന്നും പ്രതിപക്ഷ സംഘടനകളുമായി ചേർന്ന് സമരം ശക്തമാക്കുമെന്നും ടി.ജെ. ആഞ്ജലോസ് വ്യക്തമാക്കി.