എല്ലാവരോടും വോട്ടഭ്യർഥിക്കും, ആരോടും വ്യക്തിപരമായ വിരോധം സി.പി.എമ്മിനില്ല ; എം.വി. ഗോവിന്ദൻ
ആരോടും വ്യക്തിപരമായ വിരോധം സി.പി.എമ്മിനില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കണ്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി. ആരുമായും വ്യക്തിപരമായ വിരോധം സി.പി.എമ്മിനില്ല. നയമാണ് പ്രശ്നം. ആരെയെങ്കിലും എപ്പോഴും ശത്രുപക്ഷത്ത് നിർത്തിയുള്ള നിലപാട് സി.പി.എം മുമ്പും സ്വീകരിച്ചിട്ടില്ല, ഇനി സ്വീകരിക്കുകയുമില്ല. പക്ഷേ, എടുക്കുന്ന നിലപാടുകൾ സംബന്ധിച്ചുള്ള അഭിപ്രായം കൃത്യമായി രേഖപ്പെടുത്തും -അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസിന്‍റെ സമദൂര നിലപാട് പലപ്പോഴും സമദൂരമാകാറില്ല. സമദൂരം എന്നു പറഞ്ഞത് അത്രയും നല്ലത്. ഒരു ഭാഗത്ത് ഇല്ലല്ലോ. സ്ഥാനാർഥിയെന്ന നിലയിൽ ഏത് നേതൃത്വത്തെ കാണുന്നതിലും വോട്ട് അഭ്യർഥിക്കുന്നതിലും കുഴപ്പമില്ല. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി എല്ലാ വോട്ടർമാരെയും കണ്ട് വോട്ടഭ്യർഥിക്കും. അതിന്‍റെ ഭാഗമായി സാമുദായിക നേതാക്കളെയും കണ്ട് വോട്ടഭ്യർഥിക്കും -എം.വി. ഗോവിന്ദൻ പറഞ്ഞു. കേന്ദ്രം കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് നയിക്കുന്നുവെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധത്തെ ജനകീയ ഉപരോധത്തിലൂടെ നേരിടും. സെപ്റ്റംബർ 11 മുതൽ ഒരാഴ്ചക്കാലം പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കേരളത്തിന് അർഹതപ്പെട്ട ആളോഹരി വരുമാനം കേന്ദ്രം നൽകുന്നില്ല. സംസ്ഥാനത്തിന് ഇതുവരേക്കും 18,000 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് നയിക്കുകയാണ്. അർഹതപ്പെട്ട ആളോഹരി വരുമാനം പോലും നൽകുന്നില്ല. ജി.എസ്.ടി നഷ്ടപരിഹാരമായി കിട്ടിയിരുന്ന 12,000 കോടി നൽകുന്നില്ല. റവന്യൂ കമ്മി 4000 കോടി മാത്രം. കടം എടുക്കാനുള്ള പരിധി വെട്ടിക്കുറച്ചു -എം.വി. ഗോവിന്ദൻ പറഞ്ഞു.