കാട്ടാക്കടയിലെ ആള്‍മാറാട്ടം സി.പി.എം നേതാക്കളുടെ അറിവോടെ, അന്വേഷണം വേണമെന്ന് വി.ഡി സതീശന്‍
കാട്ടാക്കട കോളജിലെ എസ്.എഫ്.ഐ ആൾമാറാട്ടം ക്രിമിനൽ കുറ്റകൃത്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വി.സിമാരെ നിയമിക്കാതെ സി.പി.എമ്മിന്റെ ഇൻചാർജ് ഭരണമാണ് സർവകലാശാലകളിൽ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ അധ്യയന വർഷം ആരംഭിക്കാറായിട്ടും എട്ട് സർവകലാശാലകളിൽ വൈസ് ചാൻസലർമാരില്ലാതെ ഇൻചാർജ് ഭരണമാണ് നടക്കുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. എം.ജി സർവകലാശാല വി.സിയുടെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ പുതിയ വി.സി തിരഞ്ഞെടുക്കാനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. കണ്ണൂർ വി.സിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് കേസിലെ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അവശേഷിക്കുന്ന നാല് സർവകലാശാലകളിലെ വി.സിമാർക്ക് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ എന്തുകൊണ്ട് രാജിവയ്ക്കുന്നില്ലെന്ന് ചോദിച്ച് ചാൻസലർ നോട്ടീസ് നൽകിയിരിക്കുകയാണ്. സാങ്കേതിക സർവകലാശാലയിൽ നിയമവിരുദ്ധമായാണ് കാലാവധി കഴിഞ്ഞ വി.സി തുടരുന്നത്. ഇങ്ങനെ സമീപ ദിവസങ്ങളിൽ കേരളത്തിലെ 14 സർവകലാശാലകളിലും വി.സിമാർ ഇല്ലാത്ത വിചിത്രമായ അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം ആരോപിച്ചു.
സാധാരണയായി ഒരു വി.സിയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ പുതിയ ആളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമം ആരംഭിക്കാറുണ്ട്. വി.സിമാരെ തിരഞ്ഞെടുക്കുന്ന സേർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധികളെ അയയ്ക്കരുതെന്നാണ് സി.പി.എം നിർദേശം. സർവകലാശാല പ്രതിനിധി ഇല്ലാതെ സേർച്ച് കമ്മിറ്റി ഉണ്ടാക്കാനാകില്ല. എന്നിട്ടും സർക്കാരും ഉന്നത വിദ്യാഭ്യാസമന്ത്രിയും നോക്കുകുത്തിയായി ഇരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
കാട്ടാക്കട കോളജിൽ യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലറായി ജയിച്ച പെൺകുട്ടിയെ മാറ്റി നിർത്തി പകരമായി എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയുടെ പേര് സർവകലാശാലയിലേക്ക് നൽകിയത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ജില്ലയിലെ സി.പി.എം ഉന്നത നേതാക്കളുടെ അറിവോടെ നടന്ന ആൾമാറാട്ടത്തെക്കുറിച്ച് ഗൗരവകരമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഴിമതി ക്യാമറ ആരോപണങ്ങളിൽ മുഖ്യമന്ത്രി ഒരു മറുപടിയും നൽകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അഴിമതിക്കെതിരായ നിയമനടപടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകുകയാണ്. പിണറായി സർക്കാരിന്റെ കാലത്തെ കൊള്ള സംബന്ധിച്ച് ഇനിയും വിവരങ്ങൾ പുറത്ത് വരാനുണ്ട്. അഴിമതി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് യു.ഡി.എഫ് പ്രവർത്തകർ സെക്രട്ടേറിയറ്റ് വളഞ്ഞ് കുറ്റപത്രം സമർപ്പിക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.