കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസ്; സിപിഎം നേതാവ് അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ രണ്ടാം തവണയും തള്ളി
കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ റിമാൻഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ തള്ളി കോടതി. കൊച്ചിയിലെ പി എം എൽ എ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. രണ്ടാം തവണയാണ് ജാമ്യ ഹർജി തള്ളുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 27 നാണ് അരവിന്ദാക്ഷൻ അറസ്റ്റിൽ ആയത്.
അതേ സമയം, കേസിൽ മൂന്നാം പ്രതിയായ പി ആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ ഡിയുടെ കണ്ടെത്തൽ. മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് ഇഡിയുടെ വാദം.
എന്നാൽ കള്ളപ്പണം വെളുപ്പിച്ചെന്ന വാദം തെറ്റാണെന്നും തന്‍റെ അക്കൗണ്ടിലൂടെ നടത്തിയ സാമ്പത്തിക ഇടപാട് ക്വാറി, ഹോട്ടൽ ബിസിനസ് നടന്ന കാലത്തേതാണെന്നുമാണ് അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചത്. സതീഷ് കുമാറിന്‍റെ മുൻ ഡ്രൈവറായിരുന്ന അടുപ്പം ഉണ്ടായിരുന്നതായും അരവിന്ദാക്ഷൻ അറിയിച്ചിട്ടുണ്ട്.