മന്ത്രി സജി ചെറിയാൻ രാജിവെക്കേണ്ടതില്ലെന്ന് സിപിഎം
ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. കേസ് നിയമപരമായി നേരിടുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. വിഷയം സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തു. സർക്കാരിൽ പൂർണ വിശ്വാസം അർപ്പിച്ചതിനാലാണ് സിബിഐ ആന്വേഷണം വേണ്ടെന്ന നിലപാട് കോടതി സ്വീകരിച്ചത്. അതിനാൽ അന്വേഷണം നടക്കട്ടെയെന്നും കോടതിയിൽനിന്ന് അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ രാജി വേണ്ടെന്നുമുള്ള നിലപാടാണ് സിപിഎം സ്വീകരിച്ചത്.
രാജി ഒഴിവാക്കിയുള്ള സാധ്യത തേടണമെന്നതായിരുന്നു നേരത്തെ തന്നെ സിപിഎം നേതാക്കളുടെ നിലപാട്. ആവര്‍ത്തിച്ചുള്ള രാജി രാഷ്ട്രീയമായി സര്‍ക്കാരിനും മുന്നണിക്കും ദോഷമാണ്. തദ്ദേശതിരഞ്ഞെടുപ്പിന് മാസങ്ങളേ ബാക്കിയുള്ളൂ. ഇതെല്ലാം പരിഗണിച്ചാണ് പാർട്ടി സജി ചെറിയാനൊപ്പം നിന്നത്. അൽപസമയത്തിനുള്ളിൽ ചേരുന്ന എൽഡിഎഫ് യോഗത്തിലും സിപിഎം നിലപാട് വ്യക്തമാക്കും. ഇതിനെ സിപിഐയും ആർജെഡിയും എങ്ങനെയാകും ഉൾക്കൊള്ളുക എന്നതാണ് ഇനി കാണേണ്ടത്. എതിർ അഭിപ്രായം ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
ഭരണഘടനാവിരുദ്ധ പ്രസംഗം ഗൗരവമുള്ളതാണെന്ന വിലയിരുത്തലാണ് 2022 ജൂലായില്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് നടത്തിയത്. കേന്ദ്രനേതൃത്വവും ഇതേനിലപാടിലായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങളോട് 'എന്തിന് രാജി' എന്ന് ചോദിച്ച സജി ചെറിയാനോട് രാജിവേണം എന്ന നിര്‍ദേശം പാര്‍ട്ടി നല്‍കിയത്. എന്നാൽ ഇന്ന് രാജിയുണ്ടാക്കുന്ന ആഘാതം അന്നത്തേക്കാള്‍ ഏറെയാണെന്ന് പാർട്ടിക്ക് പൂർണ ബോധ്യമുണ്ട്.
അതിനാലാണ് സജിയെ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനത്തിലേക്ക് സിപിഎം ഇപ്പോൾ എത്തിയത്. സജി ചെറിയാന്‍ വീണ്ടും രാജിവെക്കുന്നത് സര്‍ക്കാരിനും പാര്‍ട്ടിക്കും കടുത്ത ആഘാതമുണ്ടാക്കുമെന്ന പ്രാഥമിക വിലയിരുത്തല്‍ സിപിഎം നടത്തിയിരുന്നു. സര്‍ക്കാര്‍ അവസാനഘട്ടത്തിലേക്കു കടക്കുമ്പോള്‍ അത് പ്രതിച്ഛായയെ ബാധിക്കുമെന്നും പാര്‍ട്ടി കരുതുന്നു.