ജീർണതകൾ പാർട്ടിയെ ബാധിക്കാതെ നോക്കണം; എ.വിജയരാഘവൻ
സമൂഹത്തിലെ ജീർണ്ണതകൾ പാർട്ടി തിരസ്കരിക്കണമെന്ന് സിപിഎം പിബി അംഗം എ.വിജയരാഘവൻ. പൊതുസമൂഹത്തിൽ പല ജീർണതകളുമുണ്ട് അതു പാർട്ടിയെ ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുസമൂഹത്തിന് മുന്നിൽ പാർട്ടി അംഗങ്ങൾക്ക് മികവാർന്ന വ്യക്തിത്വവും ഉന്നതമായ മൂല്യബോധവും സ്വീകാര്യതയും വേണം അതെല്ലാം കാത്തുസൂക്ഷിച്ചു മുന്നോട്ട് പോകണം അതിന് കോട്ടം തട്ടിയാൽ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടുന്നതും തിരുത്തി മുന്നോട്ട് പോകുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതി. ഇത്തരം തിരുത്തൽ നിർദേശങ്ങൾ പാർട്ടി എല്ലാക്കാലത്തും നൽകാറുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത് തന്നെ നിരന്തര പരിശോധനാ സംവിധാനമാണ്.
തെറ്റ് തിരുത്തൽ പ്രവർത്തകർക്കുള്ള ജാഗ്രതപ്പെടുത്തലാണ്. തെറ്റായ പ്രവണതകൾ തിരുത്താനുള്ള പ്രക്രിയ എല്ലാ കാലത്തും പാർട്ടിക്കുണ്ട്. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതൃത്വത്തിൽ എത്തുമ്പോൾ ഈ പറഞ്ഞ പരിശോധന സമ്പ്രദായം കൂടും. ഉയർന്ന കമ്മിറ്റികളിൽ കൃത്യമായ പരിശോധനകൾ ഉണ്ട്. അതാണ് പാർട്ടിയുടെ രീതിയെന്നും മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട വിജയരാഘവൻ പറഞ്ഞു. അതേസമയം പാർട്ടിയെ പ്രതിരോധത്തിലാക്കിയ തിരുവനന്തപുരത്ത് സിപിഎം കൂടുതൽ ശക്തമായ നടപടികളിലേക്ക് കടക്കുകയാണ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥിനേയും പ്രസിഡൻ്റ് ജോബിൻ ജോസിനേയും തതസ്ഥാനത്ത് നിന്നും നീക്കി. മദ്യപിച്ച് സംസ്കൃത കോളജ് പരിസരത്ത് നൃത്തം ചെയ്ത എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഗോകുലിനെ ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ജില്ലാ പ്രസിഡന്റ് ജോബിൻ ജോസിനോട് വിശദീകരണം തേടാൻ വ്യാഴാഴ്ച ചേർന്ന ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റിയും തീരുമാനിച്ചിരുന്നു.