സിപിഎം നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും
വിഭാഗീയതക്ക് എതിരായ നടപടികൾ മുതൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ മുന്നൊരുക്കങ്ങൾ വരെ ചർച്ച ചെയ്യാൻ സിപിഎം നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. തെറ്റുതിരുത്തൽ നയരേഖയിലുറച്ചുള്ള അച്ചടക്ക നടപടികൾ ഗുണം ചെയ്തിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മന്ത്രിസഭയിൽ അഴിച്ചുപണിക്കുള്ള ചർച്ചകളുമുണ്ടാകുമെന്ന അഭ്യൂഹങ്ങളുമുണ്ട്.
പ്രാദേശിക തലത്തിൽ വിഭാഗീയത ആളിപ്പടർന്ന പാലക്കാട്, പ്രമുഖർക്കെതിരെ പോലും നടപടി വന്ന ആലപ്പുഴ, ഉപതെരഞ്ഞെടുപ്പിനിടെയുണ്ടായ വീഴ്ചകൾ വലുതെന്ന് വിലയിരുത്തിയ തൃക്കാക്കര, ഇവിടങ്ങളിലെല്ലാം എല്ലാ കാര്യങ്ങളും പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ വരുതിയിലെന്ന് ഉറപ്പിക്കുകയാണ് സിപിഎം. വിഭാഗീയതക്കെതിരെ എടുക്കുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനവും മുഖം നോക്കാതെയുള്ള നടപടികളും ഗുണം ചെയ്‌തെന്ന വിലയിരുത്തലാണ് പാർട്ടിക്ക്.
പാർലമെന്റ് തെരഞ്ഞെടുപ്പിൻറെ മുന്നൊരുക്കങ്ങൾക്കൊപ്പം പൊതുവെ സ്വീകരിക്കേണ്ട നയസമീപനങ്ങളും ചർച്ചയാക്കേണ്ട വിഷയങ്ങളും എല്ലാം ഇന്ന് ആരംഭിക്കുന്ന നേതൃയോഗത്തിൽ ചർച്ചയാകും. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് താഴെ തട്ടുമുതൽ പ്രവർത്തനം ഏകോപിപ്പിക്കാൻ പാർട്ടി മുന്നണി സംഘടനാ സംവിധാനങ്ങൾക്ക് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ബഹുജനറാലികളടക്കം പരിപാടികൾ ഇതിൻറെ ഭാഗമായി സംഘടിപ്പിക്കുകയും ചെയ്തു.