മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കേണ്ടന്ന തീരുമാനത്തിൽ സിപിഐഎം നേതൃത്വം ; നാളത്തെ സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും
നടിയുടെ ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധം കനത്തിട്ടും മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന തീരുമാനത്തിൽ സിപിഐഎം. അവെയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ നിലവിൽ എംഎൽഎ സ്ഥാനത്തുനിന്ന് രാജി വേണ്ടെന്നാണ് നിലപാട്. കേസിന്റെ മുന്നോടുള്ള പോക്ക് പരിശോധിക്കും. അതേസമയം, നാളത്തെ സെക്രട്ടറിയേറ്റ് യോഗവും വിഷയം ചർച്ച ചെയ്യും. തൽക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ മാറ്റാനാണ് തീരുമാനം.
പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന് മുകേഷ് വിശദീകരണം നൽകിയിരുന്നു. തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ മുകേഷ് മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് പറയുന്നത്. നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇന്നലെയാണ് മുകേഷ് വിശദീകരണം നൽകിയത്. രാജിയ്ക്കായി പ്രതിപക്ഷമുൾപ്പെടെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് വിശദീകരണം നൽകിയത്.
അതേസമയം, മുകേഷിന്റെ രാജി കാര്യത്തിൽ സിപിഐയിൽ അതിരൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് റിപ്പോർട്ട്. രാജിവക്കാതെ മുന്നോട്ട് പോകുന്നത് ശരിയാകില്ലെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം. പൊതു പ്രവർത്തനത്തിൽ ധാർമ്മികത അനിവാര്യമെന്നാണ് പൊതു വികാരം. എന്നാൽ മുകേഷിൻ്റെ രാജി ആവശ്യം കടുപ്പിക്കേണ്ടെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടത്. രാജി കാര്യത്തിൽ സിപിഎമ്മും മുകേഷും തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് ബിനോയ് വിശ്വം. സിപിഎം നേതൃത്വവുമായി ബിനോയ് വിശ്വം സംസാരിച്ചെന്നും വിവരമുണ്ട്.