Begin typing your search...

സിപിഐഎം ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നു ; ആദ്യ സമ്മേളനം കൊല്ലം ജില്ലയിൽ

സിപിഐഎം ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നു ; ആദ്യ സമ്മേളനം കൊല്ലം ജില്ലയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാർട്ടിയും സർക്കാരും ഒരുപോലെ വിവാദങ്ങളിൽ മുങ്ങിനിൽക്കെ സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് നാളെ തുടക്കമാകും. പ്രകടമായ വിഭാഗീയതയുടെ പേരിൽ ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്താണ് ആദ്യ സമ്മേളനം. രണ്ടാം പിണറായി സർക്കാറിന്‍റെ ഭരണപരമായ പോരായ്മയും പാർട്ടി എടുത്ത നിലപാടുകളും സമ്മേളനങ്ങളിൽ സജീവ ചർച്ചയായേക്കും.

നാളെ മുതൽ ഡിസംബര്‍ 12 വരെ കൊട്ടിയം മയ്യനാട് ധവളക്കുഴിയിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറിലാണ് കൊല്ലം ജില്ലാ സമ്മേളനം. പിബി അംഗം എം.എ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ സമ്മേളനത്തില്‍ 450 പ്രതിനിധികള്‍ ഉണ്ട്. എന്നാല്‍ ഇതില്‍ കരുനാഗപ്പള്ളിയില്‍ നിന്നുള്ള പ്രതിനിധികള്‍ ഇല്ല. സമ്മേളനം കയ്യാങ്കളിയില്‍ കലാശിച്ച കുരുനാഗപ്പള്ളിയില്‍ ഏരിയ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഏഴ് അംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവില്‍ ഏരിയ കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത്.

ആശയപരമായ കടുത്ത വിയോജിപ്പകളുടെ കാലം കഴിഞ്ഞെന്ന ആത്മവിശ്വാസവുമായാണ് ഇത്തവണ സിപിഐഎം സംഘടനാ സമ്മേളനങ്ങളിലേക്ക് കടന്നത്. ഏരിയാ സമ്മേളനത്തിലേക്ക് കാര്യങ്ങളെത്തിയപ്പോൾ പൊട്ടിത്തെറികളായി. സംസ്ഥാന സമ്മേളനത്തിന് വേദിയാകേണ്ട കൊല്ലത്താണ് വിഭാഗീയത തെരുവിലെത്തിയത്. ഒടുവിൽ സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടെത്തിയാണ് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ച് വിട്ട് അഡ്ഹോക്ക് കമ്മിറ്റിയെ വെച്ചത്. സംസ്ഥാന സമ്മേളനത്തിന് വേദിയാകേണ്ട കൊല്ലത്ത് തന്നെ ഇത്തരം പൊട്ടിത്തെറിയുണ്ടായത് നേതൃത്വത്തെ ഞെട്ടിച്ചു. പത്തനംതിട്ടിയിലും ആലപ്പുഴയിലും പാലക്കാട്ടും തിരുവനന്തപുരത്തും എല്ലാം പ്രാദേശിക വിഭാഗീയത കൊടികുത്തി.അധികാരം പിടിക്കാനും നിലനിര്‍ത്താനുമുള്ള നീക്കുപോക്കുകൾക്കെതിരെ സന്ധിയില്ലാത്ത നടപടി എന്ന് നേതൃത്വം കണ്ണുരുട്ടി. എന്നിട്ടും പരിധികൾ ലംഘിച്ച് മുന്നേറിയ തര്‍ക്കങ്ങൾ ജില്ലാ സമ്മേളന വേദികളിലും പ്രതിഫലിച്ചേക്കാൻ സാധ്യതയുണ്ട്. ബ്രാഞ്ച് മുതൽ ഏരിയാ സമ്മേളനങ്ങളിൽ വരെ നിറഞ്ഞ് നിന്ന രാഷ്ട്രീയ ചര്‍ച്ചകൾക്കും ജില്ലാ സമ്മേളനങ്ങളോടെ മൂര്‍ച്ഛയേറും. തുടര്‍ഭരണത്തിന്‍റെ ആലസ്യത്തിലാണ് കീഴ്ഘടങ്ങൾ എന്നാണ് നേതൃത്വം വിമ‍ശിക്കുന്നത്. എന്നാൽ തിരിച്ചടിക്കാൻ വിവാദങ്ങളുടെ വൻ നിര തന്നെ ഉണ്ട്.

പൊലീസ് വകുപ്പ് അടക്കം സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിൽ സൂക്ഷ്മ പരിശോധന ജില്ലാ സമ്മേളന ചർച്ചകളിൽ നടന്നേക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയര്‍ന്ന ആക്ഷേപങ്ങളും പിവി അൻവറും പി ശശിയും മുതൽ പിപി ദിവ്യ വരെ ഉൾപ്പെട്ട വിവാദങ്ങളും ചര്‍ച്ചയാകുമോയെന്ന് കണ്ടറിയണം. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയും ഉപതെരഞ്ഞെടുപ്പ് വിലയിരുത്തലും

ചര്‍ച്ചയാകുന്ന സമ്മേളനങ്ങൾ മൂന്നാം തുടര്‍ ഭരണം ലക്ഷ്യമിടുന്ന സിപിഐഎമ്മിന് സംഘടനാ തലത്തിലും നിര്‍ണ്ണായകമാണ്. ഫെബ്രവരി 9 മുതൽ 11 വരെ നടക്കുന്ന തൃശ്ശൂർ ജില്ലാ സമ്മേളനമാണ് ഒടുവിലത്തേത്. മാര്‍ച്ച് ആദ്യ വാരം കൊല്ലത്താണ് സംസ്ഥാന സമ്മേളനം. ഏപ്രിലിൽ മധുരയിൽ പാര്‍ട്ടി കോൺഗ്രസ് നടക്കും.

WEB DESK
Next Story
Share it