പാലക്കാട് മണ്ഡലത്തിൽ വ്യാപകമായി വ്യാജവോട്ട് ചേർത്തു; തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടണം: സിപിഎം
പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും വ്യാപകമായി വ്യാജവോട്ട് ചേർത്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകി.
177ാം ബൂത്തിലെ 37 വോട്ടർമാർ ആ പ്രദേശത്തുള്ളവരല്ല. മറ്റ് മണ്ഡലങ്ങളിലെ വോട്ടർമാരെ ഇവിടെ ചേർത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടണം. മരിച്ചവരുടെ പേരിൽ പോലും വ്യാജ ഐഡി ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ബിജെപി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ജയിക്കാതിരിക്കാൻ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നാണ് കോൺഗ്രസിൻ്റെ പ്രചാരണം. സി.കൃഷ്ണകുമാറിനെ മലമ്പുഴയിൽ ജയിപ്പിക്കാൻ ഷാഫി പറമ്പിൽ ഇടപെട്ടിരുന്നു.
പാലക്കാട് ഷാഫി പറമ്പിൽ മത്സരിക്കുമ്പോൾ സി.കൃഷ്ണകുമാർ മത്സരിക്കാത്തത് എന്തുകൊണ്ടാണ്? ഇത്തവണയും ഷാഫി പറമ്പിൽ പാലക്കാട് ബിജെപിയെ ജയിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കരയിൽ 19.7 ലക്ഷം രൂപ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടിച്ച സംഭവത്തിൽ പിടിയിലായ ജയനുമായി പാലക്കട്ടെ കോൺഗ്രസ് കൗൺസിലർക്ക് അടുത്ത ബന്ധമുണ്ടെന്ന് സുരേഷ് ബാബു ആരോപിച്ചു. പാലക്കാട് കൊണ്ടുവന്ന കള്ളപണത്തിൻ്റെ പങ്ക് ചേലക്കരയിലും കോൺഗ്രസ് എത്തിച്ചതാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. ജയൻ ആരുടെ ആളെന്ന് പൊലീസ് അന്വേഷിക്കട്ടെ. ജയൻ സിപിഎംകാരനെന്ന അനിൽ അക്കരയുടെ ആരോപണവും അന്വേഷിക്കട്ടെയെന്നും സുരേഷ് ബാബു പറഞ്ഞു.