നെഹ്‌റു ട്രോഫി ജലമേളയിൽ വിജയിയെ ചൊല്ലി തർക്കം; 100 പേര്‍ക്കെതിരെ കേസ്
നെഹ്‌റു ട്രോഫി ജലമേളയിലെ വിജയിയെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ പൊലീസ് കേസെടുത്തു. നൂറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടനിലെ തുഴച്ചില്‍ക്കാര്‍ ഉള്‍പ്പെടെ നൂറുപേര്‍ക്കെതിരെയാണ് കേസ്. നെഹ്‌റു പവലിയന്‍ ഉപരോധിച്ചതിനും ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതിനുമാണ് കേസ്.
ഫലപ്രഖ്യാപനത്തില്‍ അട്ടിമറിയെന്ന് ആരോപിച്ച് വീയപുരം ചുണ്ടന്‍ ഭാരവാഹികള്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഫലപ്രഖ്യാപത്തില്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി വീയപുരത്തിന് വേണ്ടി തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് ക്യാപ്റ്റന്‍ മാത്യൂ പൗവ്വത്തില്‍ രംഗത്തെത്തി.
പരാതി ഉന്നയിച്ചിട്ടും പരാതി കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് വീയപുരം വില്ലേജ് ബോട്ട് ക്ലബ് പറയുന്നു. ഒരേ സമയം സ്‌ക്രീനില്‍ തെളിഞ്ഞ സമയം അട്ടിമറിച്ചെന്നും വിബിസി ആരോപിക്കുന്നു. കളക്ടര്‍ക്കും നെഹ്‌റു ട്രോഫി ബോട്ട് റേസ് സമിതിക്കും പരാതി നല്‍കിയിരിക്കുകയാണ് വിബിസി.
ഇന്നലെ നടന്ന മത്സരത്തില്‍ 4:29.785 സമയമെടുത്ത് കാരിച്ചാല്‍ ഫിനിഷ് ചെയ്തപ്പോള്‍ 4:29.790 സമയമെടുത്ത് വീയപുരം ഫിനിഷ് ചെയ്തത്. ഫോട്ടോ ഫിനിഷിലാണ് ഫൈനല്‍ മത്സരം അവസാനിച്ചത്. കാരിച്ചാലോ വീയപുരമോ എന്ന് മനസ്സിലാകാത്ത വിധമാണ് മത്സരം അവസാനിച്ചതെങ്കിലും മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ ഒന്നാമതെത്തിയത്.