'അമ്മ തന്ന വീട് വിൽക്കാൻ അവകാശമില്ലേ?'; ചോദ്യവുമായി സുഗതകുമാരിയുടെ മകൾ ലക്ഷ്മീദേവി
''അമ്മ എന്റെ പേരിൽ എഴുതിത്തന്ന വീടാണ് ഇത്. നിനക്കൊരു ആവശ്യം വന്നാൽ വിൽക്കാമെന്നു പറഞ്ഞാണ് എന്റെ പേരിലാക്കിയത്' – കവി സുഗതകുമാരിയുടെ തലസ്ഥാനത്തെ 'വരദ' എന്ന വീടു വിൽക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി മകൾ ലക്ഷ്മീദേവി വിവരിച്ചു.
''സുഗതകുമാരി കുടുംബത്തേക്കാളേറെ നാടിനെ സ്നേഹിച്ചയാളാണ്. 1985 മുതൽ 'അഭയ'യിൽ ജോലി ചെയ്തുവെങ്കിലും നയാപ്പൈസ പോലും വീട്ടിലേക്ക് എടുത്തില്ല. അവാർഡ് തുകയും റോയൽറ്റിയുമെല്ലാം അഭയയ്ക്കോ അല്ലെങ്കിൽ കാശിന് അത്യാവശ്യമുള്ളവർക്കോ നൽകി. അവസാനകാലത്ത് അമ്മയുടെ ബാങ്ക് ബാലൻസ് എത്രയായിരുന്നു എന്നറിയുന്നവർ ചുരുക്കമാണ്''
സുഗതകുമാരിയുടെ മരണശേഷം അഭയയുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ് 60 പിന്നിട്ട ലക്ഷ്മീദേവി. അഭയയിൽ നിന്നുള്ള ശമ്പളം മാത്രമാണ് അവരുടെ വരുമാനമാർഗം. ''ഇത്രയും പ്രായമായി. ഞാൻ കിടപ്പിലായാൽ ജീവിക്കാൻ പണം വേണ്ടേ? നിയമപരമായി കിട്ടിയ വീട് വിൽക്കാനുള്ള അവകാശം എനിക്കില്ലേ..?'' – അവർ ചോദിച്ചു.
വീട് അതേപടി സംരക്ഷിക്കണം, മരങ്ങൾ വെട്ടരുത് എന്നീ ഉപാധികളോടെയായിരുന്നു വിൽപന. 2 വർഷമായി ഇവിടെ താമസമില്ല. മേൽക്കൂര ദ്രവിച്ചിട്ടുണ്ട്. സൈക്കോളജിസ്റ്റായ തന്നെ കാണാനെത്തുന്നവർക്കായി നിർമിച്ച ഒറ്റമുറി ഔട്ഹൗസ് മാത്രമാണ് പൊളിച്ചതെന്നു ലക്ഷ്മീദേവി പറഞ്ഞു. പുസ്തകങ്ങൾ, അവാർഡുകൾ, 'അമ്പലമണി' മുതൽ 'രാത്രിമഴ' വരെയുള്ള കവിതകളുടെ കൈയെഴുത്തു പ്രതികൾ, കവി ഉപയോഗിച്ചിരുന്ന ഫർണിച്ചർ എന്നിവ സുരക്ഷിതമായി മാറ്റി. 3,000 പുസ്തകങ്ങൾ തിരികെ വാങ്ങുമെന്ന വ്യവസ്ഥയോടെ 'പി.ഗോവിന്ദപ്പിള്ള – പി.കെ.വാസുദേവൻ സ്മാരക ലൈബ്രറി'ക്കു കൈമാറി. സർക്കാർ സ്മാരകമായാൽ ഇവ കൈമാറും.
സുഗതകുമാരിക്ക് ഉചിതമായ സ്മാരകം വേണമന്നാവശ്യപ്പെട്ടു ടി.പത്മനാഭൻ, അടൂർ ഗോപാലകൃഷ്ണൻ, സാറാ ജോസഫ്, കെ.ജയകുമാർ തുടങ്ങി 12 പേർ ഒപ്പുവച്ച നിവേദനം സർക്കാരിനു നൽകിയിരുന്നു. എന്നാൽ 'വരദ'യിലേക്ക് നേരിട്ടു കാർ എത്തുന്ന തരത്തിൽ വഴിയില്ലാത്തതിനാൽ വീട് സ്മാരകമാക്കാൻ നിർവാഹമില്ലായിരുന്നു. സുഗതകുമാരിയുടെ ചേച്ചി ഹൃദയകുമാരിയുടെ വീടിനു മുന്നിലൂടെയാണു 'വരദ'യിലേക്ക് എത്തിയിരുന്നത്. തുടർന്നു നഗരമധ്യത്തിൽ മറ്റൊരിടം കണ്ടെത്തി സ്മാരകം നിർമിക്കാനാണു സർക്കാർ ആലോചിച്ചത്.
അഭയയ്ക്കു കീഴിൽ അനാഥമന്ദിരം, മാനസിക ചികിത്സാലയം, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള സംരക്ഷണ കേന്ദ്രം, ലഹരിമുക്ത കേന്ദ്രം എന്നിവ പ്രവർത്തിക്കുന്നുണ്ട്. സർക്കാരിന്റെ ഗ്രാന്റാണ് ആശ്രയം. സുഗതകുമാരിയുടെ മരണശേഷം ജീവനക്കാർക്കു ശമ്പളം നൽകുന്നതിലടക്കം സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. സ്ഥാപനത്തെ കരകയറ്റാനുള്ള ചുമതലയും ലക്ഷ്മീദേവിയുടെ ചുമലിലാണ്.
വീടു വിറ്റതറിഞ്ഞു ടി.പത്മനാഭനും ഒഎൻവിയുടെ പത്നി സരോജിനിയുമുൾപ്പെടെ ഒട്ടേറെ േപർ വിളിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ ലക്ഷ്മിക്ക് മറ്റൊരു പോംവഴിയില്ലെന്നും അതിന്റെ പേരിലെന്തിനാണു ബഹളമെന്നുമാണു പത്മനാഭൻ ചോദിച്ചത്. തനിക്കു ചില ഭീഷണി സന്ദേശങ്ങളും എത്തിയതായി ലക്ഷ്മ പറഞ്ഞു.
∙ 'സർക്കാരുമായി ആലോചിക്കാതെയാണ് വീടു വിറ്റത്. വിൽപനക്കാര്യം അറിയിക്കാമായിരുന്നു. വീടു കൈമാറിയാൽ ഇനിയും ഏറ്റെടുക്കാൻ തയാറാണ്. സുഗതകുമാരിയുടെ സ്മരണയ്ക്കായി സ്മൃതിവനമാണ് ഉദ്ദേശിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്.' - സജി ചെറിയാൻ
∙ 'സാംസ്കാരിക മന്ത്രിയോടു വീടു വിൽക്കുന്നത് പറഞ്ഞില്ല എന്നത് ശരിയാണ്. എന്റെ വീടിന്റെ വിൽപന വിവരം അറിയിക്കാനുള്ള അടുപ്പമോ ബന്ധമോ അദ്ദേഹവുമായി ഇല്ല. ബന്ധുവായ മന്ത്രി വി. ശിവൻകുട്ടിയോടു വിൽപനക്കാര്യം ചർച്ച ചെയ്തിരുന്നു.' – ലക്ഷ്മീദേവി