Begin typing your search...

എന്തു ജോലിയും ചെയ്യും, എത്ര വയ്യെങ്കിലും ജോലിക്ക് പോകും: ജോയിയെ കുറിച്ച് അമ്മ മെൽഹി

എന്തു ജോലിയും ചെയ്യും, എത്ര വയ്യെങ്കിലും ജോലിക്ക് പോകും: ജോയിയെ കുറിച്ച് അമ്മ മെൽഹി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എന്തു ജോലിയും ചെയ്യും, എത്ര വയ്യെങ്കിലും ജോലിക്ക് പോകുമെന്ന് തമ്പനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിയെ കുറിച്ച് അമ്മ മെൽഹി. ‘‘ മകനായിരുന്നു ഏക ആശ്രയം. രാവിലെ 6 മണിക്കാണ് ജോലിക്ക് പോകുന്നത്. 5 മണിയാകുമ്പോൾ തിരിച്ചുവരേണ്ടതാണ്. എന്തു ജോലിക്ക് വിളിച്ചാലും പോകും.

വിശ്രമമില്ലാതെ ജോലി ചെയ്യും. ഒരു ജോലിയുമില്ലെങ്കിൽ ആക്രിയെങ്കിലും പെറുക്കാൻ പോകും. ഒരിക്കലും വെറുതെ ഇരിക്കില്ല. എത്ര വയ്യെങ്കിലും ജോലിക്ക് പോകും’’–ജോയിയുടെ അമ്മ മെൽഹി പറയുന്നു. ജോയി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

മനുഷ്യവിസർജ്യം നിറഞ്ഞ ആമയിഴഞ്ചാൻ തോട്ടിലിറങ്ങി മാലിന്യം വാരുന്നതിന് ഒരു ദിവസത്തെ ജോയിയുടെ കൂലി 1500 രൂപയാണ്. ഈ തുകയ്ക്കായാണ് മാരായമുട്ടം സ്വദേശി ജോയി തോടിന്റെ ആഴങ്ങളിലേക്കിറങ്ങിയത്. വീടെന്നുപോലും പറയാനാകാത്ത കെട്ടിടത്തിൽ പ്രായമായ അമ്മയോടൊപ്പം താമസിക്കുന്ന ജോയിയുടെ പ്രതീക്ഷ ഈ തുകയിലായിരുന്നു. ജീവിക്കാനായി പലതരത്തിലുള്ള ജോലികൾ ജോയി ചെയ്തു. നല്ല വേതനം ലഭിക്കുമെന്നു കരുതിയാണ് മാലിന്യം വാരാനിറങ്ങിയത്. ഒടുവിൽ, അമ്മയെ തനിച്ചാക്കി ജോയി മാലിന്യങ്ങൾക്കിടയിൽ മറഞ്ഞു.

റെയിൽവേസ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാൻ തോടിലെ മാലിന്യം വൃത്തിയാക്കുന്നതിനിടെ ഇന്നലെ രാവിലെ 11 മണിക്കാണ് മാരായമുട്ടം സ്വദേശിയായ ജോയിയെ (47) കാണാതായത്. വടകര മലഞ്ചരിവ് വീട്ടിൽ പരേതനായ നേശമണിയുടെയും മെൽഹിയുടെയും മകനാണ് ജോയി. സഹോദരിമാരും സഹോദരനും പ്രത്യേകം താമസിക്കുന്നു. വീടെന്നു പറയാനാകാത്ത ഒറ്റമുറി കെട്ടിടത്തിൽ താമസം.

വീടിനു ചുറ്റും കാടുപോലുള്ള പറമ്പ്. വീട്ടിൽ ഒരു ചെറിയഹാളും മുറിയും അടുക്കളയും. റോഡിൽനിന്ന് മൂന്നാൾ പൊക്കത്തിലുള്ള ഭൂമിയിലാണ് വീട്. ദുർഘടമായ വഴിയിലൂടെ സഞ്ചരിച്ചാലേ വീട്ടിലെത്തൂ. വർഷങ്ങളായി ഈ വീട്ടിലാണ് താമസം. കാടുപിടിച്ച സ്ഥലമായതിനാൽ ഇരുട്ടായാൽ താമസിക്കുന്നത് ഭയപ്പാടോടെയാണെന്ന് നാട്ടുകാർ പറയുന്നു.

WEB DESK
Next Story
Share it