ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടവുമായി കോണ്‍ഗ്രസ്
ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ഇത്തവണ കോണ്‍ഗ്രസ് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിന് ഇറങ്ങുന്നത്.
എന്നാല്‍ കൃത്യമായ തിയതി പുറത്തുവിട്ടിട്ടില്ല. ജനുവരി ആദ്യ വാരം യാത്ര ആരംഭിച്ചേക്കുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
ഭാരത് ജോഡോ യാത്ര 2.0 എന്നാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര അറിയപ്പെടുക. ഇത്തവണ ഹൈബ്രിഡ് മോഡലിലാണ് യാത്ര തുടങ്ങുന്നത്. നടന്ന് കൊണ്ട് മാത്രമായിരിക്കില്ല യാത്രയുണ്ടാവുക. അതിനൊപ്പം തന്നെ വാഹനങ്ങളും യാത്രയ്ക്കായി ഉപയോഗിക്കും.
രണ്ട് റൂട്ടുകളാണ് യാത്രയ്ക്കായി കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ഇതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. അതേസമയം ഇതില്‍ തീരുമാനമെടുത്താല്‍ ഒരുപക്ഷേ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് നിന്നായിരിക്കും യാത്ര ആരംഭിക്കുക.
ഉത്തര്‍പ്രദേശിനാണ് യാത്ര കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ബീഹാര്‍, മഹാരാഷ്ട്ര എന്നിവയ്ക്കും അതുപോലെ മുന്‍ഗണനയുണ്ടാവും. നിലവില്‍ യുപിയിലും ബീഹാറിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് വളരെ ദുര്‍ബലമാണ്.
അടുത്ത വര്‍ഷം മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനുണ്ട്. ഇതെല്ലാം പരിഗണിക്കുമ്ബോള്‍ വമ്ബന്‍ സംസ്ഥാനങ്ങള്‍ കൂടിയായ ഈ മൂന്ന് എണ്ണത്തിനും വലിയ പ്രാധാന്യം കോണ്‍ഗ്രസിന് നല്‍കേണ്ടി വരും
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാലയളവായതിനാല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെയെല്ലാം യാത്രയുടെ ഭാഗമാക്കാന്‍ ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ ദിവസവും യാത്ര സമാപിക്കുന്ന ഇടത്ത് വെച്ച് പൊതുയോഗങ്ങള്‍ ആരംഭിക്കും.
ആദ്യ യാത്രയ്ക്ക് സമാനമാണിത്. രാഹുല്‍ ഗാന്ധി യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ 21ന് കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി യോഗം നടക്കുന്നുണ്ട്.
ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ഇതില്‍ ചര്‍ച്ച ചെയ്യും. സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ വന്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് ജോഡോ യാത്ര തിരിച്ചുവരവിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
2022 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം ആരംഭിച്ചത്. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നായിരുന്നു തുടക്കം. ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് യാത്ര അവസാനിച്ചത്. 4080 കിലോമീറ്ററാണ് യാത്രയുടെ ഭാഗമായി രാഹുല്‍ അടക്കമുള്ളവര്‍ താണ്ടിയത്.
12 സംസ്ഥാനങ്ങളിലായി 75 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോയത്. 126 ദിവസം യാത്രയ്ക്കായി എടുത്തിരുന്നു. രാജ്യത്തെ ബിജെപിയുടെ ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയത്തില്‍ നിന്ന് മോചിപ്പിച്ച് ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര ആരംഭിച്ചത്. തൊഴിലില്ലായ്മ, തുല്യതയില്ലായ്മ എന്നിവയും ഈ യാത്രയില്‍ കാര്യമായി ഉന്നയിക്കപ്പെട്ടിരുന്നു.