മോദിക്കെതിരെ ട്രോൾ; ക്രിസ്ത്യാനികളെ പരിഹസിക്കുന്നതെന്ന് ബിജെപി, പിൻവലിച്ച് കോൺഗ്രസ് കേരള ഘടകം
ജി 7 ഉച്ചക്കോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയെ പരിഹസിച്ച പോസ്റ്റ് കോൺഗ്രസ് പിൻവലിച്ചു. എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് കേരള ഘടകം കോൺഗ്രസ് മോദിയെയും മാർപാപ്പയെയും പരിഹസിച്ചത്. പോസ്റ്റ് വ്യാപക വിമർശനങ്ങൾക്ക് വഴിതുറന്നതോടെയാണ് പിൻവലിച്ചത്.
'ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു!' എന്ന അടികുറിപ്പോടെയാണ് ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നത്. തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രിയുടെ മുൻ പരാമർശത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു കോൺഗ്രസ് ചിത്രം പങ്കുവെച്ചത്.
പോസ്റ്റ് പ്രചരിച്ചതോടെ കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് തീവ്ര ഇസ്ലാമിസ്റ്റുകളോ അർബൻ നക്‌സലുകളോ ആണെന്ന് തോന്നുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വിമർശിച്ചു. ദേശീയ നേതാക്കൾക്കെതിരെ അപകീർത്തികരവും അപമാനകരവുമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നത് തുടരുന്ന കോൺഗ്രസ് ഇപ്പോൾ ബഹുമാനപ്പെട്ട മാർപ്പാപ്പയെയും ക്രിസ്ത്യൻ സമൂഹത്തെയും പരിഹസിക്കുന്നതിലേക്കും തിരിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രൻ എക്‌സിൽ കുറിച്ചു.
പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി ജനറൽ സെക്രട്ടറിയുമായ ജോർജ്ജ് കുര്യൻ ആരോപിച്ചു. മറ്റ് വിശ്വാസങ്ങളെ അവഹേളിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും വിഷയത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പ് പറയണമെന്നും ബിജെപി ഐടി സെൽ ചുമതലയുള്ള അമിത് മാളവ്യ പറഞ്ഞു.
അതേസമയം, മാർപാപ്പയെ അവഹേളിക്കുക എന്ന വിദൂര ചിന്ത പോലും കോൺഗ്രസിന്റെ ഒരു പ്രവർത്തകനും ഉണ്ടാകില്ലെന്നും സ്വയം ദൈവമാണെന്ന് പറഞ്ഞ് ഈ നാട്ടിലെ വിശ്വാസികളെ അപമാനിക്കുന്ന നരേന്ദ്രമോദിയെ പരിഹസിക്കാൻ കോൺഗ്രസിന് ഒരു മടിയുമില്ലെന്നും കോൺഗ്രസ് കേരളാ ഘടകം വ്യക്തമാക്കി. നരേന്ദ്രമോദിയുടെ നാണംകെട്ട രാഷ്ട്രീയ കളികളെ പരിഹസിച്ചതിനെ മാർപാപ്പയെ അപമാനിച്ചതായി ചിത്രീകരിക്കുവാനുള്ള സുരേന്ദ്രന്റെയും മോദി പരിവാരത്തിന്റെയും വർഗീയ മനസ്സ് ജനങ്ങൾക്ക് മനസ്സിലാകും. വർഗീയ വിഷം കുത്തിവച്ചാലുടൻ അത് പടർത്താൻ നടക്കുന്ന ആത്മാഭിമാനം ഇല്ലാത്ത ജനവിഭാഗമായി ക്രിസ്തുമത വിശ്വാസികളെ തരംതാഴ്ത്താനാണ് സുരേന്ദ്രനും കൂട്ടരും ശ്രമിക്കുന്നതെന്നും കോൺഗ്രസ് എക്‌സിൽ കുറിച്ചു.