കേരളത്തിന്റെ തലസ്ഥാനം മാറ്റണമെന്ന ആവശ്യം; അതൃപ്തി പരസ്യമാക്കി കോൺഗ്രസ് നേതാക്കൾ
കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്കു മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യം തള്ളി സംസ്ഥാന കോൺഗ്രസ് നേതൃത്വം. അനാവശ്യ ചർച്ചകൾക്ക് വഴിവയ്ക്കുന്ന നടപടിയാണ് ഹൈബി ഈഡന്റേതെന്നും, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പറഞ്ഞൊഴിയുകയാണ് സംസ്ഥാന നേതൃത്വം.
തിരുവനന്തപുരം എംപി കൂടിയായ കോൺഗ്രസ് നേതാവ് ശശി തരൂർ, അടൂർ പ്രകാശ് എംപി, യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥൻ തുടങ്ങിയവരും ഈ നിർദ്ദേശത്തിനെതിരെ രംഗത്തെത്തി.
തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് മാറ്റണമെന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചിട്ടില്ലെന്ന് അടൂർ പ്രകാശ് എംപി ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. അങ്ങനെയൊരു ചർച്ചയും പാർട്ടിക്കകത്ത് ഉണ്ടായിട്ടില്ല. അതു മാത്രമല്ല, തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് മാറ്റുന്നത് അത്ര എളുപ്പമല്ല. അതിനു വേണ്ടി ശ്രമിക്കുന്നതും ശരിയല്ല. പണ്ടു മുതലേ തിരുവനന്തപുരം തന്നെയല്ലേ തലസ്ഥാനം. അത് ഒരു സുപ്രഭാതത്തിൽ മാറ്റുന്നത് ചർച്ച ചെയ്യേണ്ട ഒരു വിഷയമാണെന്നും തോന്നുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
തലസ്ഥാനത്തെ സംബന്ധിക്കുന്ന ചർച്ച ഇപ്പോൾ അനാവശ്യമാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥനും വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമായതിനു പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. ഗൗരവമുള്ള മറ്റു വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മാത്രമേ ഈ ചർച്ച ഉപകരിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബുധനാഴ്ച ചേരുന്ന കെപിസിസി നിർവാഹക സമിതി യോഗത്തിൽ ഇക്കാര്യം ഉയർത്താൻ ചില നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.