സർക്കാർ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാൻ മൂന്നംഗ കമ്മറ്റി രൂപീകരിക്കും
സർക്കാർ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മറ്റി രൂപീകരിക്കും. സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മറ്റി രൂപീകരണം. ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് കമ്മറ്റി. 15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള, മാധ്യമ രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച മുതിർന്ന മാധ്യമപ്രവർത്തകർ, സംസ്ഥാന സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ കുറയാത്ത വ്യക്തി, ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത വ്യക്തി എന്നിവർക്ക് ചെയർപേഴ്‌സൺ ആകാം.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ, വിരമിച്ച ഐ.ആൻറ്.പി.ആർ.ഡി ഡയറക്ടർ, വിരമിച്ച ഐ.ആൻറ്.പിആർ.ഡി അഡീഷണൽ ഡയറക്ടർ, 15 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള മാധ്യമപ്രവർത്തകർ എന്നിവർക്ക് അംഗങ്ങളാകാം. ഒരംഗം വനിതയാകുന്നത് അഭികാമ്യമാണെന്നും നിശ്ചയിച്ചു. കമ്മറ്റി അംഗങ്ങളുടെപ്രായം 45നും 70നും ഇടയിലായിരിക്കും. സർക്കാർ, അർധസർക്കാർ, പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങൾ, കോടതികൾ, കമ്മീഷനുകൾ തുടങ്ങിയവർ നൽകുന്ന പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധനാ കമ്മറ്റിയുടെ അധികാര പരിധിയിൽപ്പെടും.