അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ വിദഗ്ധസമിതി ശുപാർശ
ഇടുക്കിയിലെ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ ശുപാർശ, അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുളള ആവാസ വ്യവസ്ഥയാണ്. വെളളവും ഭക്ഷണവും സുലഭമാണ്. എന്നാൽ പറമ്പിക്കുളം എന്തുകൊണ്ട് ശിപാർശ ചെയ്തു എന്ന് ഹൈകോടതി ചോദിച്ചു, പെരിയാർ ടൈഗർ റിസർവ് പററില്ലേയെന്നും കോടതി ചോദിച്ചു.
പുതിയ വനഭാഗത്ത് കൊണ്ടുവിടുമ്പോൾ അവിടെ നിലവിലുളള മൃഗങ്ങളുമായി ഏറ്റുമുട്ടലിന് സാധ്യതിയില്ലെയെന്നും കോടതി ചോദിച്ചു. മദപ്പാടുളള ആനയെ പറമ്പിക്കുളം വരെ എങ്ങനെയെത്തിക്കും?എറെ സമയം എടുക്കില്ലേ?ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ തീരുമാനിക്കട്ടെയെന്ന് കോടതി പരാമർശിച്ചു.
മനുഷ്യ- മൃഗ സംഘർഷത്തെപ്പറ്റി സർക്കാരിന് മുന്നിൽ നിരവധി റിപ്പോർട്ടുകൾ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സമഗ്രമായ പഠനം ഇക്കാര്യത്തിൽ ആവശ്യമാണ്. പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിയാൻ പബ്‌ളിക്ക് ഹിയറിങ് നടത്തണം. 24 മണിക്കൂറും ജാഗ്രതയ്ക്കുളള സംവിധാനം വേണം. ദീർഘകാല പരിഹാരമാണ് ആവശ്യം. അരിക്കൊമ്പൻ ഒറ്റപ്പെട്ട വിഷമയല്ല. ആവശ്യമായ നടപടികൾ സർക്കാർ നേരത്തെ സ്വീകരിക്കേണ്ടതായിരുന്നു. കേന്ദ്ര സർക്കാരും കേസിൽ കക്ഷി ചേരണം, കൂട്ടുത്തരവാദിത്വം ഉണ്ടെങ്കിലേ പരിഹാരമുണ്ടാകൂയെന്നും കോടതി വ്യക്തമാക്കി.