യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; കടകള്‍ക്കും നേരെ കല്ലേറ്, ലാത്തിച്ചാര്‍ജ്
സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. സമരക്കാര്‍ പൊലീസിന് നേരെ കല്ലും കസേരയും കുപ്പികളും വലിച്ചെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പലതവണ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്കും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഒന്നരമണിക്കൂര്‍ നേരം സെക്രട്ടേറിയറ്റ് പരിസരം യുദ്ധക്കളമായി മാറി.
മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെയാണ് സമരക്കാര്‍ പൊലീസിന് നേരെ കല്ലേറ് നടത്തിയത്. തൊഴില്ലായ്മ, വിലക്കയറ്റം സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്. സംസ്ഥാന സര്‍ക്കാരിനെതിരായ പൊതുജനരോക്ഷം ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പൊലീസ് മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് പറഞ്ഞു.
സമീപത്തെ കടകള്‍ക്ക് നേരെയും പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. നിരവധി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ലാത്തിച്ചാര്‍ജ് നടത്തിയിട്ടും പ്രവര്‍ത്തകര്‍ പിന്തിരിയാത്തതിനെ തുടര്‍ന്ന് പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ടിയര്‍ഗ്യാസ് പ്രയോഗിച്ചതോടെ സമീപത്തെ സമരപ്പന്തലില്‍ ഇരുന്നവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ പൊലീസ് ജീപ്പില്‍ തന്നെ ആശുപത്രിയിലെത്തിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.