ബീച്ച് ആശുപത്രിയിൽ ഹൗസ് സർജൻമാർ ഏറ്റുമുട്ടി
ഗവ.ജനറൽ (ബീച്ച്) ആശുപത്രിയിൽ ഹൗസ് സർജൻമാർ തമ്മിൽ ഏറ്റുമുട്ടി. ഒരാൾ സമയം വൈകി വന്നതിനെ മറ്റൊരു ഹൗസ് സർജൻ ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിന് ഇടയായത്. അത്യാഹിത വിഭാഗത്തിൽ രോഗികളുടെ മുൻപിൽ തുടങ്ങിയ വാക്കേറ്റവും അടിപിടിയും ഹൗസ് സർജൻമാരുടെ മുറിയിലും തുടർന്നു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ ഉൾപ്പെടെ എത്തിയാണ് രംഗം ശാന്തമാക്കിയത്. ശനിയാഴ്ച രാത്രി ഏഴോടെ തുടങ്ങിയ പ്രശ്‌നങ്ങൾ അരമണിക്കൂറോളം നീണ്ടു. അടിപിടിയെ തുടർന്നു ചികിത്സ വൈകിയതായി രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പരാതി പറഞ്ഞു.
നെഞ്ചുവേദനയെ തുടർന്ന് എത്തിയവർ, തലകറക്കത്തെ തുടർന്ന് വന്ന കെഎസ്ആർടിസി ജീവനക്കാരൻ, കാലിനു മുറിവേറ്റു വന്ന തലക്കുളത്തൂരിലെ വീട്ടമ്മ തുടങ്ങി മുപ്പതിലേറെ പേരാണ് അത്യാഹിത വിഭാഗത്തിനു സമീപം ചികിത്സ കാത്തുനിന്നത്. ശബ്ദം കേട്ട് നോക്കുമ്പോഴും ഒരു ഹൗസ് സർജൻ മറ്റൊരു ഹൗസ് സർജനെ അടിക്കുന്നതാണ് കണ്ടതെന്ന് ഇവിടെ ഉണ്ടായിരുന്ന ബീച്ച് ആശുപത്രി പൗരസമിതി ജനറൽ സെക്രട്ടറി സലാം വെള്ളയിൽ പറഞ്ഞു. ഒരു ഹൗസ് സർജന്റെ ഷർട്ടു കീറിപ്പോയിരുന്നു.
പ്രശ്‌നം തീർക്കാനായി രോഗികൾക്കൊപ്പമെത്തിയവർ ഹൗസ് സർജൻമാരുടെ മുറിക്കുള്ളിലേക്ക് കയറാൻ നോക്കിയപ്പോൾ മുറിയിലെ ലൈറ്റ് അണച്ചു വാതിൽ അടച്ചു. ഇതോടെ ആളുകൾ അവിടേക്ക് പ്രവേശിച്ചില്ല.
സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും രോഗികൾക്ക് ചികിത്സ വൈകിയിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.