കൊയിലാണ്ടി കോളജ് സംഘർഷത്തിൽ പ്രിൻസിപ്പലിനോട് വിശദീകരണം തേടി സർവകലാശാല
കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാലു വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രിൻസിപ്പൽ സുനില്‍ ഭാസ്കരനിൽനിന്ന് വിശദീകരണം തേടി കാലിക്കറ്റ് സർവകലാശാല.
സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾ നൽകിയ പരാതിയിലാണ് നടപടി. സർവകലാശാലയിൽനിന്ന് കത്ത് കിട്ടിയെന്നും വിശദീകരണം നൽകിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു.
സസ്പെന്‍ഷന്‍ നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് വിദ്യാർഥികൾ വൈസ് ചാന്‍സലര്‍ക്കും റജിസ്ട്രാര്‍ക്കും പരാതി നല്‍കിയത്. കഴിഞ്ഞയാഴ്‌ചയാണ് കോളജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്.
ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. എസ്എഫ്ഐ ഏരിയ കമ്മിറ്റി പ്രസിഡന്‍റിനെ മർദിച്ചുവെന്ന പരാതിയിൽ പ്രിൻസിപ്പലിനെതിരെയും പ്രിൻസിപ്പലിനെ മർദിച്ചുവെന്ന പരാതിയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് സംരക്ഷണയിലാണ് കോളജ് പ്രവർത്തിക്കുന്നത്.