മണ്‍സൂണില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി
സംസ്ഥാനത്ത് 4 ദിവസം വ്യാപകമായി ഇടിമിന്നല്‍, കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ഇത് പ്രകാരം ഇന്നടക്കം അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഇടുക്കി ജില്ലയിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ രണ്ടാം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം തിയതിയാകട്ടെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരിക്കും യെല്ലോ അലര്‍ട്ട്.
അതേസമയം മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍ ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആദ്യ ആഴ്ചയില്‍ പ്രത്യേകമായി നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ലാ കളക്ടര്‍മാരുടെയോ നേതൃത്വത്തില്‍ ഇത്തരത്തില്‍ യോഗം ചേരണം. അതില്‍ ഓരോ പ്രവര്‍ത്തികളുടെയും പുരോഗതി അവലോകനം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.