സർക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല
മന്ത്രിസഭാ യോഗം പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഒയാസിസിന് ബ്രൂവറി അനുവദിച്ച തീരുമാനം വൻ അഴിമതിയെന്ന് രമേശ് ചെന്നിത്തല. പ്രകൃതിയോടും ജനങ്ങളോടും കടുത്ത അപരാധമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാരിസ്ഥിതിക പഠനം നടന്നിട്ടുണ്ടോയെന്നും ഒയാസിസിന് മാത്രം എങ്ങനെ അനുമതി കിട്ടിയെന്നും ടെൻഡർ ക്ഷണിച്ചോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കഴിഞ്ഞ തവണ ബ്രൂവറി അനുവദിക്കാൻ അനുമതി കൊടുത്തപ്പോൾ ജനങ്ങൾ പ്രതിഷേധിച്ച സ്ഥലത്താണ് ഇപ്പോൾ വീണ്ടും അനുമതി കൊടുത്തത്. മുൻപ് 2022 ലും ബ്രൂവറി അനുവദിക്കാൻ സർക്കാർ തീരുമാനം എടുത്തിരുന്നു. പ്രതിപക്ഷം എതിർത്തപ്പോൾ പിന്നോട്ട് പോയി. തീരുമാനം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ്. പ്ലാച്ചിമട സമരം നടത്തിയ ജനങ്ങളാണ് ഇവിടെയെന്നും ഇപ്പോൾ അതിനടുത്തായാണ് ബ്രൂവറിക്ക് അനുമതി നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാനുള്ള തിരുമാനത്തിൻ്റെ ഭാഗമാണിതെന്നും അദ്ദേഹം വിമർശിച്ചു. സിപിഎമ്മിന് പണമുണ്ടാക്കാനുള്ള ഇടപാടാണിത്. ഈ തീരുമാനം സർക്കാർ പിൻവലിക്കണം. വിഷയം രഹസ്യമായി മന്ത്രിസഭാ യോഗത്തിലേക്ക് കൊണ്ടുവന്ന് അനുമതി കൊടുക്കുകയായിരുന്നു. നനഞ്ഞിട്ടാണോ പിണറായി വിജയൻ വിഴുപ്പ് ചുമക്കുന്നത് എന്നാണ് അറിയേണ്ടത്. ഇതിൽ എക്സൈസ് മന്ത്രി മറുപടി പറയണം. ഇടതു മുന്നണിയിലെ ഘടക കക്ഷികൾ അറിഞ്ഞിട്ടാണോ ഈ അനുമതിയെന്നത് അവരാണ് പറയേണ്ടത്. 2018 ലെ ടാക്സസ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.