'ജനത്തെ വെല്ലുവിളിച്ച ഭരണാധികാരി വിജയിച്ച ചരിത്രമില്ല':ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സ്വന്തം നാട്ടിലെ ജനങ്ങളെ ഭയന്ന് ഓടുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രൂക്ഷമായ വിലക്കയറ്റം കൊണ്ടും സർവ്വത്ര മേഖലയിലും ഏർപ്പെടുത്തിയ നികുതി ഭാരം കൊണ്ടും പൊറുതി മുട്ടിയ ജനങ്ങൾ തെരുവിലിറങ്ങിയതോടെ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഭയമായി തുടങ്ങി. തമ്പ്രാൻ എഴെന്നെള്ളുമ്പോൾ വഴി മദ്ധ്യേ അടിയാന്മാർ പാടില്ല എന്ന പോലെയാണ് കഴിഞ്ഞ ദിവസത്തെ കാലടിയിലെ സംഭവം.
104 ഡിഗ്രി പനിയുള്ള കുഞ്ഞിനു മരുന്നു വാങ്ങാനെത്തിയ അച്ഛനു നേരെ ആക്രോശിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ, മരുന്ന് കൊടുത്ത മെഡിക്കൽ ഷോപ്പ് ഉടമയെ ഭീഷണിപ്പെടുത്തി ഷോപ്പ് പൂട്ടിക്കുമെന്ന് പറയുന്നത് എന്തു ജനാധിപത്യമാണ്. മുഖ്യമന്ത്രിക്കെതിരെ സമര രംഗത്തുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ വനിത നേതാവിനെ പരസ്യമായി വലിച്ചിഴച്ച് മർദ്ദിക്കാനൊരുങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇതുവരെ നടപടിയില്ല. ഇവരാണ് സ്ത്രീ സുരക്ഷയെ പറ്റി ഗീർവാണം പ്രസംഗിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു
സമരം ചെയ്യുന്നവരെ കരുതൽ തടങ്കലിലാക്കിയാൽ എല്ലാം ശുഭമാകും എന്ന് കരുതുന്ന മുഖ്യമന്ത്രി വെറുതെ ദിവാസ്വപ്നം കണ്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. യുഡിഎഫ് സമരത്തെ പരിഹസിക്കുന്ന മുഖ്യമന്ത്രിയോട് ഒറ്റ കാര്യമേ പറയാനുള്ളു. ജനങ്ങളെ വെല്ലുവിളിച്ച ഒരു ഭരണാധികാരിയും വിജയിച്ച ചരിത്രമില്ല, എത്ര സുരക്ഷ വർദ്ധിപ്പിച്ചാലും സമരാവേശത്തെ മറികടക്കാനാവില്ല. ഇനിയങ്ങോട്ട് ശക്തമായ സമരത്തെയാണ് മുഖ്യമന്ത്രിക്ക് നേരിടേണ്ടി വരികയെന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകി.
ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാന്‍ സംസ്ഥാന സർക്കാർ രേഖകൾ സമർപ്പിക്കാൻ ബാധ്യസ്ഥമാണ്. പ്രേമചന്ദ്രൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല. പ്രേമചന്ദ്രൻ ചോദ്യം ഉന്നയിച്ചത് കൊണ്ടാണ് വസ്തുതകൾ പുറത്തുവന്നത്. പ്രേമചന്ദ്രനെ തെറ്റുകാരനായി ചിത്രീകരിക്കുന്ന ധനകാര്യ മന്ത്രിയുടെ നടപടി അംഗീകരിക്കാൻ കഴിയില്ല. പ്രതിസന്ധി സൃഷ്ടിച്ചത് സർക്കാരിന്‍റെ കെടുകാര്യസ്ഥതയും, ധനകാര്യ മാനേജ്മെന്റിലെ പാളിച്ചയുമാണ്. നികുതി സമാഹരിക്കുന്ന കാര്യത്തിൽ കേരള സർക്കാർ പരാജയമാണ്. ബാറുകളുടെ എണ്ണം കൂട്ടുമ്പോൾ നികുതി പിരിച്ചെടുക്കുന്നില്ല. ന്യായമായി നികുതി പിരിച്ചെടുക്കാതെ ജനങ്ങളുടെ മേൽ അമിത നികുതി അടിച്ചേൽപ്പിക്കുന്നു. കേന്ദ്രത്തിന്റെ ഭാഗത്തും തെറ്റുണ്ട്.സംസ്ഥാനങ്ങൾക്ക് ന്യായമായി കിട്ടേണ്ട അവകാശം തടഞ്ഞുവയ്ക്കുന്ന നടപടിയിൽ യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു