സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിപ്പിക്കാൻ ശ്രമിക്കുന്നു; ഹൈക്കോടതിയെ സമീപിച്ച് പിതാവ് ജയപ്രകാശ്
സിബിഐ അന്വേഷണം വൈകുന്നതിനെതിരെ പൂക്കോട് വെറ്ററിനറി കോളജില്‍ മരിച്ച സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് ഹൈക്കോടതിയില്‍. കേസ് അന്വേഷണം വൈകുംതോറും തെളിവുകള്‍ ഇല്ലാതാകും. സിബിഐ അന്വേഷണം വൈകിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
സിദ്ധാർത്ഥൻ ക്രൂരപീഡനം ഏറ്റുവാങ്ങിയ ഹോസ്റ്റലിൽ പിതാവ് ജയപ്രകാശ് കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. സിദ്ധാർത്ഥന്റെ മുറിയിലെത്തിയ ജയപ്രകാശ്, മകന്റെ ഓർമ്മകളിൽ, മരവിച്ച മനസ്സോടെ ജയപ്രകാശ് കുറെനേരം നിശ്ശബ്ദം ഇരുന്നു. കല്പറ്റയിൽ രാഹുൽ ഗാന്ധിയെ കണ്ടശേഷമായിരുന്നു ജയപ്രകാശ് പൂക്കോട് വെറ്ററിനറി കോളജ് കാംപസിലെ ഹോസ്റ്റലിൽ എത്തിയത്.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും, രേഖകള്‍ സിബിഐക്ക് കൈമാറാത്തത് വിവാദമായിരുന്നു. ഇതേത്തുടർന്ന് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനായി രേഖകള്‍ കഴിഞ്ഞമാസം അവസാനം കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കൈമാറിയിരുന്നു.