സിദ്ധാർത്ഥിന്റെ മരണം സിബിഐ അന്വേഷിക്കണം: ജസ്റ്റിസ് കെമാൽപാഷ
വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് തൂങ്ങിമരിച്ചെന്ന വിശദീകരണം വിശ്വസനീയമല്ലെന്ന് ജസ്റ്റിസ് കെമാൽപാഷയുടെ നിരീക്ഷണം. സി.ബി.ഐ അന്വേഷിച്ചാലേ സംഭവിച്ചതെന്തെന്ന് വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യത്തിന് കരുത്താകുകയാണ് ജസ്റ്റിസ് കെമാൽ പാഷയുടെനിരീക്ഷണം.
സാക്ഷിമൊഴി ചോരാതെ പ്രതികൾക്ക് കുരുക്കിടാൻ സി.ബി.ഐയ്‌ക്കേ കഴിയൂ. മൂന്നുദിവസം മർദ്ദനമേൽക്കുകയും ജലപാനം പോലും കഴിക്കാതിരിക്കുകയും ചെയ്തയാൾ തൂങ്ങിമരിക്കുകയെന്നത് അസാദ്ധ്യമാണ്. ആദ്യം അന്വേഷിച്ച എസ്.എച്ച്.ഒ സംഭവം ഗൗരവമായെടുത്തില്ല. ഡിവൈ.എസ്.പി ഏറ്റെടുത്ത ശേഷമാണ് എന്തെങ്കിലും അന്വേഷിച്ചത്. പൊലീസിനെ രാഷ്ട്രീയനേതൃത്വം തടയുകയാണ്. ഡിവൈ.എസ്.പി ഓഫീസിലും കോടതിയിലുമെല്ലാം സി.പി.എം ജില്ലാ സെക്രട്ടറിയുൾപ്പെടെ എത്തിയത് പൊലീസിനെ സ്വാധീനിക്കാനല്ലെന്ന് കരുതാനാകില്ല.
സിദ്ധാർത്ഥിനെ മരണത്തിലേക്ക് നയിച്ച മർദ്ദനങ്ങൾ രഹസ്യമായാണ് നടന്നത്. നേരിട്ട് തെളിവുകളില്ല. ദൃക്‌സാക്ഷികൾ മാത്രമേയുള്ളൂ. സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി മാറ്റിപ്പിക്കാൻ സാദ്ധ്യതയുള്ളതിനാൽ മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ച് ഐ.പി.സി 164 വകുപ്പ് പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തേണ്ടിയിരുന്നു. ദൃക്‌സാക്ഷികളെ ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി ഐ.പി.സി 201 വകുപ്പു പ്രകാരം പ്രതികളാക്കേണ്ടിയിരുന്നു.