മൂന്നാറിൽ വീണ്ടും ബാല്യവിവാഹം, 17കാരി ഗർഭിണി, കേസെടുത്ത് പൊലീസ്
മൂന്നാറിൽ വീണ്ടും ബാല്യവിവാഹം. ഇരുപത്താറുകാരനാണു പതിനേഴുകാരിയെ വിവാഹം ചെയ്തത്. വിവാഹം നടത്തിയത് അമ്മയും ബന്ധുക്കളും ചേർന്ന്. വരനെതിരെ പോക്‌സോ നിയമപ്രകാരം ദേവികുളം പൊലീസ് കേസെടുത്തു. അമ്മയ്ക്കും ബന്ധുക്കൾക്കുമെതിരെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റിൽ ഗ്രഹാംസ് ലാൻഡ് ഡിവിഷനിൽ മണിമാരനെതിരെയാണു പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തത്. എസ്റ്റേറ്റിലെ താൽക്കാലിക തൊഴിലാളിയാണ്.
പെൺകുട്ടി 7 മാസം ഗർഭിണിയാണ്. 2022 ജൂലൈയിലാണ് ഇരുവരുടെയും വിവാഹം നടന്നത്. പെൺകുട്ടി പ്രായപൂർത്തിയായതാണെന്നു വിശ്വസിപ്പിച്ചാണ് അമ്മയും ബന്ധുക്കളും ചേർന്നു വിവാഹം നടത്തിയതെന്നു പറയുന്നു. പെൺകുട്ടി ഗർഭിണിയായതോടെ ഒരു മാസം മുൻപാണു വിവരം പൊലീസ് അറിഞ്ഞത്. വിവരം ലഭിച്ചതിനെത്തുടർന്നു പൊലീസ് പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനു മുന്നിൽ ഹാജരാക്കിയ ശേഷം അമ്മയോടൊപ്പം അയച്ചു. ഇതിനു ശേഷം പൊലീസ് നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണു പെൺകുട്ടിക്കു പ്രായപൂർത്തിയായില്ലെന്നു തെളിഞ്ഞത്. തുടർന്നാണ് വെള്ളിയാഴ്ച യുവാവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തത്. യുവാവ് ഒളിവിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ദേവികുളം എസ്എച്ച്ഒ എസ്.ശിവലാൽ പറഞ്ഞു.