'പെൻഷൻ പ്രായ വർധന ചതി', യുവാക്കളുടെ ജീവിതത്തിൽ ഇപ്പോൾ കരിനിഴൽ വീണെന്ന് വി.ഡി.സതീശൻ
പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം യുവാക്കളോടുള്ള ചതിയും വഞ്ചനയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു കൂടിയാലോചനയും നടന്നിട്ടില്ല. ഇത്രയും നാൾ എതിർ നിലപാട് എടുത്ത എൽഡിഎഫ് ചെറുപ്പക്കാരെ ഇപ്പോൾ വഞ്ചിച്ചു. ഇതിൽ ഡിവൈഎഫ്ഐക്ക് എന്താണ് പറയാൻ ഉള്ളത്? പല സ്ഥലങ്ങളിലും നിയമനങ്ങൾക്കായി നടപടികൾ തുടങ്ങിയിരുന്നു.
ആ യുവാക്കളുടെ ജീവിതത്തിൽ ഇപ്പോൾ കരിനിഴൽ വീണു. കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും വിഡി സതീശൻ പറഞ്ഞു.പെൻഷൻ പ്രായം കൂട്ടിയതിനെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ സമര രംഗത്ത് ഇറങ്ങും. യൂത്ത് കോൺഗ്രസ് സമര രംഗത്തുണ്ടെന്നും സതീശൻ പറഞ്ഞു.
സിപിഎം വിദ്യാർത്ഥി സംഘടനകളെ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ്. തൃശ്ശൂരിൽ എസ്എഫ്ഐ നേതാവ് അധ്യാപകനെ ഭീഷണിപ്പെടുത്തിയത് പൊലീസ് നോക്കി നിൽക്കെയാൺ്. എന്നിട്ടും പൊലീസിന് ചെറുവിരൽ അനക്കാൻ ആയില്ല. കോഴിക്കോടും എറണാകുളത്തും എസ് എഫ് ഐ പ്രവർത്തകർ ഭീഷണിപെടുത്തിയ സംഭവം ഉണ്ടായി . പാർട്ടി അണികൾ പാവപ്പെട്ടവർക്ക് നേരെ കുതിര കയറുമ്പോഴും ഇതൊക്കെ കണ്ടിനിൽക്കാൻ മുഖ്യമന്ത്രിക്ക് ലജ്ജയില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.