അർജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ സഹായധനം, ശ്രുതിക്ക് ജോലി; മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ
വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്തത്തിൽ ശ്രുതിക്ക് അച്ഛനെയും അമ്മയെയും സഹോദരിയേയും നഷ്ടപ്പെട്ടിരുന്നു. കൂടാതെ വാഹനാപകടത്തിൽ പ്രതിശ്രുത വരനും മരിച്ചിരുന്നു. ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയും, മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപയും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായി തീർന്ന സ്ഥലങ്ങളിൽ താമസിപ്പിക്കുന്നവരെ രണ്ടാം ഘട്ടമായി പുനരധിവസിപ്പിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒന്നും രണ്ടും ഘട്ടങ്ങളായി പുനരധിവസിപ്പിക്കുന്നവരുടെ കരട് ലിസ്റ്റ് വയനാട് ജില്ലാ കളക്ടർ പുറത്തുവിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൂടാതെ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് ബാങ്കിൽ ജോലി നൽകിയിരുന്നു. വേങ്ങേരി സഹകരണ ബാങ്കിൽ ജൂനിയർ ക്‌ളാർക്ക് തസ്തികയിലാണ് നിയമനം നൽകിയത്.
അതേസമയം വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്ന് പ്രത്യേക സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം മന്ത്രിസഭ യോഗം ചർച്ച ചെയ്തു. ഇത് കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരാണയായി നൽകുന്ന 241 കോടി രൂപ മാത്രമാണ് കേന്ദ്രസർക്കാർ രണ്ടു ഘട്ടമായി നൽകിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു