തദ്ദേശസ്ഥാപനങ്ങളിൽ വാർഡ് വിഭജനത്തിന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം; ഓർഡിനൻസ് ഇറക്കും
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. വാർഡ് വിഭജനത്തിനായി കമ്മിഷൻ രൂപീകരിക്കും. പഞ്ചായത്തുകൾ മുതൽ കോർപറേഷൻ വരെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം കൂടും. ഫലത്തിൽ 1200 വാർഡുകൾ അധികം വരും. 2011ലെ സെൻസസ് അനുസരിച്ചുള്ള പുനർനിർണയമാണിത്.
അതേസമയം, ജനസംഖ്യാസ്ഥാനത്തിലുള്ള വാർഡ് വിഭജനം അനിവാര്യമാണെങ്കിലും സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കരട് തയാറായി നിയമനിർമാണത്തിലേക്ക് പോകുമ്പോഴും ചർച്ചയുണ്ടായില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. നിർണായക തീരുമാനത്തിന് മുൻപ് പ്രതിപക്ഷവുമായി എന്തുകൊണ്ട് ചർച്ച ചെയ്തില്ലെന്ന ആരോപണം വരുംദിവസങ്ങളിൽ പ്രതിപക്ഷം കടുപ്പിക്കും. സമീപകാലത്തെ വാർഡ് വിഭജനനടപടികൾ പലതും രാഷ്ട്രീയവിവാദമായിരുന്നു.
2011ലായിരുന്നു അവസാനമായി വിഭജനം ഉണ്ടായത്. 2015ൽ ഭാഗികമായും പുനർനിർണയം നടന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അധ്യക്ഷനായ ഡിലിമിറ്റേഷൻ കമ്മിഷനാണ് ചുമതല.