സുരേഷ് ഗോപിക്കെതിരെ ബിജെപി മുൻ അധ്യക്ഷന്‍റെ വിമർശനം; പ്രതികരിക്കാതെ കെ സുരേന്ദ്രൻ
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ മുൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ് സികെ പത്മനാഭൻ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട സികെ പത്മനാഭന്‍റെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആ വാര്‍ത്ത താൻ കണ്ടില്ലെന്നായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. അത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വാര്‍ത്ത ഞാൻ കണ്ടില്ലെന്നും അത് പറയാൻ അല്ല ഈ വാര്‍ത്താസമ്മേളനമെന്നുമായിരുന്നു കെ സുരേന്ദ്രന്‍റെ മറുപടി.
സുരേഷ് ഗോപി ബിജെപി നേതാവോ പ്രവര്‍ത്തകനോ അല്ലെന്നും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വന്ന വ്യക്തിയാണെന്നായിരുന്നു സികെ പത്മനാഭന്‍റെ വിമര്‍ശനം. ഇന്ദിരാഗാന്ധിയെ ഭാരത മാതാവായി വിശേഷിപ്പിക്കുന്ന സുരേഷ് ഗോപിയുടെ രീതിയെ അംഗീകരിക്കാനാകില്ലെന്നും സികെ പത്മനാഭൻ പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് കൃത്യമായ മറുപടി പറയാതെ കെ സുരേന്ദ്രൻ ഒഴിഞ്ഞുമാറിയത്.
കോഴിക്കോട്ടെ സിപിഎമ്മിലെ കോഴ വിവാദത്തിലും കെ സുരേന്ദ്രൻ പ്രതികരിച്ചു. കോഴ വിവാദത്തിൽ ബിജെപി യുടെ പ്രാദേശിക നേതാവ് ഉൾപ്പെട്ടു എന്ന വാർത്ത സിപിഎം ക്യാപ്‌സ്യൂളാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പിഎസ്‍സി കോഴ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ വരേണ്ട സമയത്ത് വരും. ഡിജിപിക്കും ഗവര്‍ണര്‍ക്കും ആദ്യം പരാതി കൊടുക്കും. നടപടി ഇല്ലെങ്കില്‍ ബിജെപി വെറെ വഴി നോക്കും. പാര്‍ട്ടി കോടതി തീരുമാനിക്കാൻ ഉള്ളതല്ല ഈ കേസ്. പ്രക്ഷോഭം നടത്തും. കോഴ കേസില്‍ എന്തുകൊണ്ടാണ് എഫ്ഐആര്‍ ഇടാത്തതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.