'ബഫർസോൺ ഉപഗ്രഹസർവേ പ്രായോഗികമല്ല'; ജോസ് കെ മാണി
ബഫർസോൺ ഉപഗ്രഹ സർവേ പ്രായോഗികമല്ലെന്ന് ജോസ് കെ മാണി. ഇത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകളെ ആശങ്ക അറിയിച്ചെന്ന് ജോസ് കെ മാണി പറഞ്ഞു. സർവേ റിപ്പോർട്ടിൽ വ്യക്തതയും കൃത്യതയും വേണം. വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അവ്യക്തതകൾ നീക്കണം. പഞ്ചായത്തുതല സമിതികൾ രൂപീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
അതേസമയം ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ആശയക്കുഴപ്പം നിലനിൽക്കെ കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം തുടങ്ങാനാണ് കോൺഗ്രസ് നീക്കം. അപാകത ഒഴിവാക്കാൻ നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ സമരപ്രഖ്യാപന കൺവെൻഷൻ നടക്കും. ബഫർ സോൺ വിഷയത്തിൽ സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് നൽകാൻ സംസ്ഥാനം ഉപഗ്രഹ സർവേ റിപ്പോർട്ട് തയാറാക്കി. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിന്മേൽ നിർദ്ദേശങ്ങളോ ഭേദഗതികളോ സമർപ്പിക്കാൻ പത്ത് ദിവസമാണ് സമയം അനുവദിച്ചിട്ടുളളത്. എന്നാൽ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ദൂരപരിധിയിൽ വരുന്ന പ്രദേശങ്ങളുടെ സർവേ നമ്പറുകൾ മാത്രമേ റിപ്പോർട്ടിലുളളു. ജനവാസ മേഖലഖകളിലെ കെട്ടിടങ്ങളുടെയോ സ്ഥാപനങ്ങളുടെയോ കൃത്യമായ വിവരങ്ങളില്ല.