വിഷപ്പുക: ചികിത്സ തേടുന്നവരുടെ എണ്ണമേറി; കണക്കു നൽകാൻ ആരോഗ്യവകുപ്പിന് വിമുഖത
പുക പടർന്നതോടെ എറണാകുളം ജില്ലയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണമേറി.നഗരത്തിലെയും സമീപ പ്രദേശത്തെയും ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ ഒരാഴ്ചയ്ക്കിടെ ചികിത്സ തേടിയവരുടെ എണ്ണം 300-ൽ അധികമാണെന്നാണ് അനൗദ്യോഗിക കണക്ക്. ശ്വാസകോശ വിഭാഗത്തിലും ജനറൽ ഒ.പി.യിലും ശിശുരോഗ വിഭാഗത്തിലുമാണ് കൂടുതൽ പേർ ചികിത്സ തേടിയത്.
സർക്കാർ ആശുപത്രികളിലെ കണക്കുകൾ ജില്ലാ ആരോഗ്യ വകുപ്പിനു നൽകിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, ആരോഗ്യവകുപ്പ് ഇത് പുറത്തുവിടുന്നില്ല. ബ്രഹ്മപുരം സബ് സെൻറർ 34, വടവുകോട് ആശുപത്രി 10, തൃപ്പൂണിത്തുറ ഗവ. ആശുപത്രി 20, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 13, തൃക്കാക്കര സഹകരണ ആശുപത്രിയിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുമായി 18 പേർ ചികിത്സ തേടി.
ഇതിനു പുറമേ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ ഇരുനൂറിലധികം പേർ ചികിത്സ തേടിയതായാണ് കണക്ക്. ആസ്ത്‌മയും അനുബന്ധ അസുഖങ്ങളുമുള്ളവരും ഹൃദയസംബന്ധമായ അസുഖമുള്ളവരുമാണ് ചികിത്സ തേടിയവരിൽ കൂടുതൽ. മറ്റ് ജില്ലകളിൽനിന്നെത്തി നഗരത്തിലും പരിസരത്തും മക്കൾക്കൊപ്പം താമസിക്കുന്ന പ്രായമേറിയ പലരും ശ്വാസംമുട്ടലിനെ തുടർന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിത്തുടങ്ങി.