കോൺഗ്രസിലെ പ്രമുഖർക്കായി ചൂണ്ടയിട്ട് ബി.ജെ.പി
അനിൽ ആന്റണിയെ പാളയത്തിലെത്തിച്ചതിനു പിന്നാലെ കേരളത്തിലെ കോൺഗ്രസിൽനിന്ന് പ്രമുഖരെ ചൂണ്ടയിൽ കുരുക്കാൻ ബി.ജെ.പി.യുടെ നീക്കം. വൈകാതെത്തന്നെ കോൺഗ്രസിലെ ഒരു പ്രമുഖൻകൂടി തങ്ങൾക്കൊപ്പമെത്തുമെന്ന് നേതാക്കൾ ആവർത്തിക്കുന്നു.
ക്രൈസ്തവരെ ഒപ്പംനിർത്താൻ ശ്രമംതുടരുന്ന ബി.ജെ.പി.ക്ക് അനിൽ ആന്റണിയുടെ കൂടുമാറ്റം വലിയ പ്രതീക്ഷയാണ് നൽകുന്നത്. അനിൽ ആന്റണിക്ക് അനുയായികളുണ്ടോ എന്നതല്ല പ്രധാനമെന്നു പറയുന്ന ബി.ജെ.പി., രാജ്യത്തെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ മകനെ പുറത്തുചാടിക്കാൻ കഴിഞ്ഞതിലാണ് ആഹ്ലാദിക്കുന്നത്.
മറ്റുമുന്നണികളിലുള്ള ചെറുകക്ഷികളെയും നേതാക്കളെയും അടർത്തിയെടുത്ത് ദേശീയ ജനാധിപത്യസഖ്യം ശക്തിപ്പെടുത്തുമെന്ന് കാലങ്ങളായി നേതാക്കൾ പറയുന്നുണ്ടായിരുന്നു. കോൺഗ്രസിൽനിന്നുൾപ്പെടെ, ബി.ജെ.പി.യിലെത്തിയ ഏതാനും നേതാക്കളാകളാകട്ടെ അനുയായികളാൽ സമ്പന്നരും ആളെക്കൂട്ടാൻ ശേഷിയുള്ളവരുമായിരുന്നില്ല.
അനിലിന്റെ പാർട്ടിമാറ്റത്തിന്റെ ചരടുവലിച്ചത് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ്. അതിന് കേന്ദ്രഘടകത്തിന്റെ പച്ചക്കൊടി ഉണ്ടായിരുന്നെന്നുമാത്രം. ദിവസങ്ങളായി ഡൽഹിയിൽ തങ്ങിയാണ് അനിലിനെ പാർട്ടിയിൽ എത്തിക്കാനുള്ള ദൗത്യം സുരേന്ദ്രൻ പൂർത്തിയാക്കിയത്.
ഏറെക്കാലമായി ക്രൈസ്തവ, മുസ്‌ലിം സമുദായങ്ങളിൽ സ്വാധീനമുറപ്പിക്കാൻ സംസ്ഥാനത്ത് ബി.ജെ.പി. ശ്രമം തുടരുന്നുണ്ട്. മുസ്‌ലിങ്ങൾക്കിടയിൽ അത് എളുപ്പമല്ലെന്ന തിരിച്ചറിവുണ്ടെങ്കിലും ക്രൈസ്തവരുടെ പ്രശ്നങ്ങളിൽ ഇടപെടാനാവുന്നുണ്ട്. സഭാധ്യക്ഷർ ഉന്നയിച്ച ആവശ്യങ്ങൾ നേതാക്കൾ പ്രധാനമന്ത്രിയുടെ മുന്നിൽവരെ എത്തിക്കുകയുംചെയ്തു. ഇതോടെ തൊട്ടുകൂടാത്ത പാർട്ടിയാണ് ബി.ജെ.പി.യെന്ന തോന്നൽ മാറിത്തുടങ്ങിയെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
ക്രിസ്മസിന് ബി.ജെ.പി.നേതാക്കൾ ക്രൈസ്തവരുടെ വീടുകളിലെത്തിയിരുന്നു. പെസഹാവ്യാഴത്തിന് തിരുവനന്തപുരത്തെ നേതാക്കൾ പട്ടം ബിഷപ്പ് ഹൗസിലെത്തി പുരോഹിതരെ കണ്ടതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയുംചെയ്തു. ഈസ്റ്ററിനും ഭവനസന്ദർശനം ഉണ്ടാകും. തങ്ങൾക്കൊപ്പം വിഷു ആഘോഷിക്കാൻ ക്ഷണിക്കുകയുംചെയ്യും.