'റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു'; എഡിജിപി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് ബിനോയ് വിശ്വം
ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയ ഒരാൾ ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് എഡിജിപി വിവാദത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാര്യത്തിൽ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആ വാക്കുകളെ മാനിക്കാൻ സിപിഐക്ക് രാഷ്ട്രീയ കടമയുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫ് സർക്കാർ കൃത്യമായി നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകാശ് ബാബു വിവാദത്തിൽ മാധ്യമങ്ങൾക്ക് രാഷ്ട്രീയപാർട്ടികളെ അറിയില്ലേയെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുചോദ്യം. പാർട്ടി കമ്മിറ്റികളിൽ ചർച്ച വേണം. ഏത് പാർട്ടി സഖാവിനും ഘടകത്തിൽ അഭിപ്രായം പറയാൻ അവകാശമുണ്ട്. സിപിഐയിൽ ഒരാൾക്ക് മാത്രമേ മിണ്ടാനാകൂ എന്നതല്ല സ്ഥിതി. ഉൾപ്പാർട്ടി ജനാധിപത്യം പൂർണമായി പാലിക്കുന്ന പാർട്ടിയാണ് സിപിഐ. പാർട്ടിയെ അറിയാത്ത ഏതെങ്കിലും ദുർബലമനസ്‌കർക്ക് വേണ്ടിയാണ് വാർത്തകൾ. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ പരിപൂർണ്ണമായ സംഘടന ഐക്യവും രാഷ്ട്രീയവും ഉണ്ട്. ചർച്ചചെയ്ത് കൂട്ടായ തീരുമാനങ്ങളിലൂടെയാണ് സംഘടനാ കാര്യങ്ങൾ നടപ്പിലാക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അകത്ത് രാഷ്ട്രീയ ഐക്യം 100 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.