കരടി ചത്ത സംഭവം; വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് വനംമന്ത്രി
കിണറ്റിൽ വീണ കരടി രക്ഷാദൗത്യത്തിനിടെ ചത്ത സംഭവത്തിൽ വീഴ്ച ഉണ്ടായെങ്കിൽ നടപടിയെടുക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. കരടിയെ രക്ഷപ്പെടുത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പരമാവധി ശ്രമിച്ചിരുന്നുവെന്നും അതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു.
'കരടി കിണറ്റിൽ വീണെന്ന വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാദൗത്യത്തിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷേ, അതിനിടയിൽ അവർക്കും ശ്വാസംമുട്ടലുണ്ടാകുന്ന സ്ഥിതിവന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് നടപടികൾ സ്വീകരിക്കും', മന്ത്രി പറഞ്ഞു.
ബുധനാഴ്ച രാത്രിയായിരുന്നു കണ്ണംപള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റിൽ കരടി വീണത്. വ്യാഴാഴ്ച രാവിലെ രക്ഷാപ്രവർത്തനത്തിനിടെ വനംവകുപ്പ് അധികൃതരുടെ മയക്കുവെടിയേറ്റ കരടി കിണറ്റിലെ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. മയക്കുവെടിവെച്ച് കരടിയെ വലയിൽ വീഴ്ത്താനാണ് വനംവകുപ്പ് ശ്രമിച്ചതെങ്കിലും ഇത് പാളി. ദീർഘനേരം കരടി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായി. തുടർന്ന് അഗ്നിശമനസേന വെള്ളം വറ്റിച്ച ശേഷം കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.