കോടതിയലക്ഷ്യ കേസിൽ മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര; രേഖാമൂലം വേണമെന്ന് കോടതി
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ ഹൈക്കോടതിയിൽ മാപ്പ് അപേക്ഷിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര. ചാനൽ ചർച്ചകളിൽ നടത്തിയ പരാമർശത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസിലാണ് മാപ്പപേക്ഷ നടത്തിയത്. ജഡ്ജിയെ ആക്ഷേപിക്കാനോ ജുഡിഷ്യറിയെ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് ബൈജു പറഞ്ഞു. അതേസമയം വിശദീകരണം എഴുതി നൽകാൻ ഹൈക്കോടതി നിർദേശിച്ചു.
കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി തരണമെന്നു ബൈജു കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. വിശദീകരണം നൽകാൻ രണ്ടാഴ്ച സമയം നൽകിയിട്ടുണ്ട്. വിശദീകരണം പരിശോധിച്ച ശേഷം നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നത് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. വിദേശത്തിരുന്നും ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ സമയമുണ്ടല്ലോ. പിന്നെ എന്തുകൊണ്ട് കോടതിയിൽ നേരിട്ട് ഹാജരായി കൂടെന്ന് കോടതി ചോദിച്ചു. കേസ് 25നു പരിഗണിക്കാൻ മാറ്റിവച്ചു.
വിചാരണക്കോടതി ജഡ്ജിയെ മാത്രമല്ല, നീതിന്യായ സംവിധാനത്തെ തന്നെ അപകീർത്തിപ്പെടുത്തുന്ന പരമാർശങ്ങളാണ് ഇദ്ദേഹം നടത്തിയതെന്നാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ ഡ്രാഫ്റ്റ് ചാർജിൽ പറയുന്നത്. ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്ന പരാമർശങ്ങളാണ് നടത്തിയതെന്നും ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും അധികാരത്തെ താഴ്ത്തിക്കെട്ടുന്നതാണ് എന്നും ചാർജിൽ പറഞ്ഞിരുന്നു.