കെഎസ്ആർടിസിക്ക് തിരിച്ചടി ; സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് നൽകരുതെന്ന വ്യവസ്ഥ റദ്ദാക്കി
സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. മോട്ടോർ വാഹന സ്കീമിലെ വ്യവസ്ഥയാണ് റദ്ദാക്കിയത്. കെഎസ്ആർടിസിയെ സഹായിക്കാനായി ഗതാഗത വകുപ്പ് നടപ്പാക്കിയ തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം.
2020 സെപ്റ്റബർ 14നാണ് കെഎസ്ആര്‍ടിസിക്ക് ഏറെ ഗുണകരമായ സ്കീമിന്‍റെ കരട് ഗതാഗതവകുപ്പ് പ്രസിദ്ധീകരിച്ചത്. പുതിയ സ്കീം പുറപ്പെടുവിച്ചാൽ ഒരു വർഷത്തിനകം ബന്ധപ്പെട്ട കക്ഷികളെ കേട്ട് അന്തിമമാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, അതുണ്ടായില്ലെന്നും തങ്ങളെ കേട്ടില്ലെന്നും സ്കീം നിയമപരമല്ലെന്നുമുളള സ്വകാര്യ ബസുടമകളുടെ വാദം കോടതി അംഗീകരിച്ചു.
ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടതില്ലെന്നായിരുന്നു നേരത്തെയുളള സർക്കാർ തീരുമാനം. ഇതോടെ സംസ്ഥാനത്തെവിടേക്കും ദീർഘദൂര സർവീസുകൾ നടത്താൻ സ്വകാര്യ ബസുകൾക്ക് കഴിയും. ഉത്തരവിനെതിരെ കെഎസ്ആർടിസി അപ്പീൽ നൽകുമെന്നാണ് സൂചന.