എൽദോസിനെതിരെ കൂടുതൽ തെളിവുകൾ; വധശ്രമത്തിനും കേസ്
ബലാത്സംഗക്കേസിന് പുറമേ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ. വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനു എതിരെയുള്ള വകുപ്പുകൾ കൂടി ചുമത്തി. പുതിയ വകുപ്പുകൾ ചേർത്തുള്ള റിപ്പോർട്ട് ജില്ല ക്രൈംബ്രാഞ്ച് കോടതിയിൽ നൽകി.
പരാതിക്കാരിയെ കോവളത്ത് വച്ച് വധിക്കാൻ ശ്രമിച്ചുവെന്ന മൊഴിയിലാണ് പുതിയ വകുപ്പ് ചുമത്തിയത്. കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് മൊഴി. വസ്ത്രം വലിച്ചു കിറി അപമാനിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട് .
അതേസമയം എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ യുവതി നൽകിയ ബലാത്സംഗ കേസിൽ തെളിവെടുപ്പ് തുടരുന്നു. പെരുമ്പാവൂരുള്ള എംഎൽഎയുടെ വീട്ടിൽ ഇന്ന് തെളിവെടുക്കാൻ സാധ്യത. വീട്ടിൽ വെച്ചും എൽദോസ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോർട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു.
പരാതിക്കാരിയുടെ വീട്ടിൽനിന്ന് എൽദോസിൻറെ വസ്ത്രങ്ങൾ കണ്ടെടുത്തെന്ന് അന്വേഷണസംഘം അറിയിച്ചു. പരാതിക്കാരിയുടെ പേട്ടയിലെ വീട്ടിൽനിന്നാണ് എൽദോസിന്റെ ടിഷർട്ട് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തത്. മദ്യക്കുപ്പിയും ഇവിടെനിന്നു ലഭിച്ചു. മദ്യക്കുപ്പിയിലെ വിരലടയാളം എൽദോസിന്റെ ആണോയെന്ന് പരിശോധിക്കും. സെപ്റ്റംബർ 15ന് വീട്ടിൽ വന്ന് പോയപ്പോൾ ഉപേക്ഷിച്ചിട്ടു പോയതാണ് ഇവയെന്നാണ് യുവതിയുടെ മൊഴി. ഇതു ശരിവയ്ക്കുന്ന മറ്റു ചില തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് സൂചന.