Begin typing your search...

'അസഹിഷ്ണുതയുടെ കടന്നുകയറ്റം'; ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ അതിക്രമത്തിൽ അപലപിച്ച് നേതാക്കൾ

അസഹിഷ്ണുതയുടെ കടന്നുകയറ്റം; ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ അതിക്രമത്തിൽ അപലപിച്ച് നേതാക്കൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിൽ എസ് എഫ് ഐ നടത്തിയ അതിക്രമത്തിൽ വ്യാപക പ്രതിഷേധം. ശക്തമായ ഭാഷയിൽ അപലപിച്ച് പ്രതിപക്ഷ നേതാവടക്കം രംഗത്തെത്തി. മാധ്യമ സ്ഥാപനത്തിലെ അതിക്രമത്തിന് പിന്നിൽ കടുത്ത അസഹിഷ്ണുതയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. മാധ്യമങ്ങളെ ഭയപ്പെടുത്തി പിന്മാറ്റാനാണ് നീക്കം. ആക്രമണം നേതൃത്വത്തിന്റെ അറിവോട് കൂടിയാണ്. ദില്ലിയിൽ നടക്കുന്നതിന്റെ തനിയാവർത്തനമാണ് ഇവിടെ നടക്കുന്നതെന്നും സതീശൻ പറഞ്ഞു. ഇത്തരം ആക്രമണം നടത്തുന്നവരെ സിപിഎം എന്തുവില കൊടുത്തും സംരക്ഷിക്കും. ആ ഉറപ്പ് ആക്രമണം നടത്തുന്നവർക്കുണ്ട്. നിയമസഭയ്ക്കകത്തും പുറത്തും ഈ വിഷയം ഉന്നയിക്കുമെന്നും സതീശൻ വ്യക്തമാക്കി.

മാധ്യമ സ്ഥാപനത്തിന് നേരെയുണ്ടായ അതിക്രമം ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും കുറ്റപ്പെടുത്തി. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസിലെ എസ്എഫ്ഐ അതിക്രമം ഗൗരവതരമാണെന്ന് കെ മുരളീധരൻ എംപിയും പ്രതികരിച്ചു. സിപിഎമ്മിന്റെ ഇംഗിതത്തിന് വിരുദ്ധമായി വാർത്ത വരുന്നതിന്റെ പേരിൽ മാധ്യമങ്ങൾ കേരളത്തിൽ ആക്രമിക്കപ്പെടുന്നു. ഇതിന്റെ അർത്ഥം കേരളത്തിലും മാധ്യമ സ്വാതന്ത്ര്യമില്ലെന്നാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ അതിക്രമ പ്രവണത അവസാനിപ്പിക്കണമെങ്കിൽ സർക്കാർ കർശന നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ എല്ലാ ചാനൽ ഓഫീസുകളിലും ഈ അവസ്ഥ ഉണ്ടാകും. വാർത്ത നൽകാൻ കഴിയാത്ത സ്ഥിതി വരും. ഗൗരി ലങ്കേഷിന്റെ കൊലപാതകം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുണ്ടായ ആക്രമണമായാണ് കണക്കാക്കിയിരുന്നത്. ഏഷ്യാനെറ്റ്‌ ന്യൂസിനെതിരായ അക്രമവും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുണ്ടായ ആക്രമണമാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

യഥാ രാജ തഥ പ്രജ എന്നതാണ് അവസ്ഥയെന്ന് ഉമ തോമസ് വിമര്‍ശിച്ചു. ആക്രമണമുണ്ടായ കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് സന്ദര്‍ശിച്ച ഉമ, പൊലീസിന്‍റെ ഭാഗത്ത് കടുത്ത വീഴ്ചയുണ്ടായെന്നും കുറ്റപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമത്തിനെതിരെ ദേശീയ തലത്തിൽ അടക്കം വൻ പ്രതിഷേധമാണ് ഉയരുന്നത്. സർക്കാരിനും ഇടത് പക്ഷത്തിനുമെതിരെ വാർത്തകൾ വരുമ്പോൾ അസഹിഷ്ണുതയാണെന്നും പിണറായി സർക്കാരിന് തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യമാണിങ്ങനെ പ്രകടിപ്പിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. എസ്എഫ്ഐ അതിക്രമം ജനാധിപത്യത്തിന്റെ കറുത്തമുഖമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ തുറന്നടിച്ചു.

ഏഷ്യാനെറ്റ് ന്യൂസിന് നേരെയുള്ള എസ്എഫ്ഐ അതിക്രമത്തെ ടി എൻ പ്രതാപൻ എംപിയും ശക്തമായി അപലപിച്ചു. സത്യം ജനങ്ങളോട് തുറന്നു പറയുന്ന ഏഷ്യാനെറ്റ് ന്യൂസിന് നേരെ ഉണ്ടായത് അസഹിഷ്ണുതയുടെ കടന്നുകയറ്റമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു. നേര് പറയുന്ന മാധ്യമങ്ങളെ കയ്യൂക്ക് കാണിച്ച് നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന് ആപത്താണെന്നും പ്രതാപൻ കുറ്റപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെ അക്രമം നടന്ന മണിക്കൂറുകൾ കഴിഞ്ഞിട്ടും സിപിഎം തുടരുന്ന മൗനം അത്ഭുതപ്പെടുത്തുന്നതെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. മാധ്യമങ്ങളെ ഭയപ്പെടുത്തി കീഴ്പെടുത്തുക എന്ന നയമാണ് അക്രമത്തിന് പിന്നിൽ. ആരും ചോദിക്കില്ല എന്ന് ഉറപ്പു കിട്ടിയതു കൊണ്ടാണ് മാധ്യമ സ്ഥാപനത്തിൽ കയറാൻ അക്രമികൾ ധൈര്യപ്പെട്ടതെന്നും തിരുവഞ്ചൂർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെയുണ്ടായ അക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എസ്എഫ്ഐക്കുമെതിരെ മുന്‍ മന്ത്രി ഷിബു ബേബി ജോണും രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസിനെതിരായ നടപടി അസാധാരണമാണെന്നും മുഖ്യമന്ത്രി കുട്ടി കുരങ്ങുകളെ കൊണ്ട് ചുടു ചോറ് വാരിക്കുകയാണെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ലഹരിക്കെതിരെ വാർത്തകൾ നൽകുമ്പോൾ എന്തിന് സിപിഎം അസ്വസ്ഥത കാണിക്കുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.

ഇന്നലെ രാത്രി എഴരയോടെയാണ് എഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെ ആക്രമണം നടക്കുന്നത്. മുപ്പതോളം വരുന്ന എസ്എഫ്ഐ സംഘം സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചിയിലെ റീജിയണൽ ഓഫീസിലെത്തി പ്രവർത്തനം തടസ്സപ്പെടുത്തി. അതിക്രമവാർത്ത പുറത്തെത്തിയതോടെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയർന്നത് വലിയ പ്രതിഷേധം.

Elizabeth
Next Story
Share it