മേയർ ആര്യ രാജേന്ദ്രനെതിരേ ഡ്രൈവർ നൽകിയ ഹർജി തള്ളി; അന്വേഷണ സംഘത്തിന് കോടതി നിർദേശങ്ങൾ
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരേ കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു നൽകിയ ഹർജി തള്ളി കോടതി. മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. തിരുവനന്തപുരം സി.ജെ.എം. കോടതിയുടേതാണ് നടപടി. കേസ് ശരിയായ ദിശയിൽ മുന്നോട്ടു പോകണമെങ്കിൽ കോടതിയുടെ മേൽനോട്ടം അനിവാര്യമാണെന്നായിരുന്നു യദുവിന്റെ ആവശ്യം. സംഭവത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം കാര്യക്ഷമമാണെന്നാണ് ഹർജി പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തുടർന്ന് ഈ വാദം അംഗീകരിച്ച് കോടതി ഹർജി തള്ളുകയായിരുന്നു.
ഹർജി തള്ളിയെങ്കിലും അന്വേഷണസംഘത്തിന് ചില നിർദേശങ്ങൾ കോടതി നൽകി. സത്യസന്ധമായ അന്വേഷണം നടക്കണം, സാക്ഷികളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിക്കണം, ബാഹ്യ ഇടപെടലുകളിലോ സ്വാധീനത്തിലോ വഴങ്ങരുത്, സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണം എന്നിവയാണ് നിർദേശങ്ങൾ.
യദുവിന്റെ ഹർജിയിലെ ഒന്നും രണ്ടും പ്രതികളായ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. ഇത്തരം നിർദേശങ്ങൾ സ്വീകാര്യമല്ലേയെന്ന് ചോദിച്ചപ്പോൾ യദുവിന്റെ അഭിഭാഷകൻ അതേയെന്ന് പറഞ്ഞു. ഇത് പരിഗണിച്ച് കോടതി കേസ് തീർപ്പാക്കി. വിധിയിൽ പ്രതീക്ഷയുണ്ട് എന്നാണ് യദു മാധ്യമങ്ങളോട് പ്രതികരിച്ചത്.