ഷിരൂരിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യമെത്തി; അപകടസ്ഥലത്തെത്തി കർണാടക മുഖ്യമന്ത്രിയും
കർണാടക അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ അർജുനെ (30) കണ്ടെത്താനായുളള രക്ഷാപ്രവർത്തനത്തിനായി സൈന്യം എത്തി. ബെലഗാവി ക്യാമ്പിൽ നിന്നുള്ള സംഘമാണ് രക്ഷാദൗത്യത്തിനായി എത്തിയിരിക്കുന്നത്. മൂന്ന് സൈനിക വാഹനങ്ങളിലായി 40 പേരാണ് എത്തിച്ചേർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സൈന്യത്തെ എത്തിക്കാനുളള ആവശ്യം കർണാടക സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. അപകടസ്ഥലത്തേക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എത്തിയിട്ടുണ്ട്. നിലവിൽ റഡാർ സിഗ്‌നലുകൾ ലഭിച്ച സ്ഥലങ്ങളിൽ മണ്ണ് നീക്കിയുളള രക്ഷാപ്രവർത്തനങ്ങളാണ് ദുരന്തമുഖത്ത് നടക്കുന്നത്.
ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ് ഷിരൂരിൽ പെയ്തുക്കൊണ്ടിരുന്നത്. ഇത് രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുകയുണ്ടായി. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തിയാൽ ഉടൻ എയർലിഫ്റ്റ് ചെയ്യും. ദൗത്യത്തിനായി നാവികസേനയുടെ സഹായവും തേടും. അർജുനെ കണ്ടെത്താൻ സൈന്യത്തെ ഇറക്കണമെന്നാവശ്യപ്പെട്ട് കുടുംബം കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് ഇ-മെയിൽ സന്ദേശം അയച്ചിരുന്നു. അർജുനെ കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കണ്ണാടിക്കലിലെ നാട്ടുകാർ പ്രതിഷേധിച്ചു. രക്ഷാദൗത്യത്തിൽ തുടക്കത്തിൽ വലിയ അലംഭാവമുണ്ടായെന്ന് ബന്ധുവായ ജിതിൻ ആരോപിച്ചിരുന്നു. അപകടത്തിന് 20 മിനിട്ട് മുൻപ് ലോറി സ്ഥലത്തുകണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞുവെന്ന് ജിതിൻ വെളിപ്പെടുത്തി. വാഹനത്തിന്റെ ഒരു ഭാഗം കണ്ടെത്തിയതായി നേരത്തെ സൂചന ഉണ്ടായെങ്കിലും അതല്ലെന്ന് പിന്നീട് ബോദ്ധ്യമായിരുന്നു. അർജുൻ ഓടിച്ചിരുന്ന ട്രക്ക് പുഴയിൽ വീണിട്ടില്ലെന്നാണ് തിരച്ചിൽ നടത്തിയ നാവിക സേന ഉറപ്പിച്ച് പറഞ്ഞിരുന്നത്.