തൃശൂര്‍ കലക്ടറായി അര്‍ജുന്‍ പാണ്ഡ്യന്‍; ഐഎഎസ് തലത്തിൽ അഴിച്ചുപണി
ഐഎഎസ് തലത്തില്‍ വീണ്ടും അഴിച്ചുപണി. ലേബര്‍ കമ്മിഷണര്‍ ആയിരുന്ന അര്‍ജുന്‍ പാണ്ഡ്യനെ തൃശൂര്‍ കലക്ടറായി നിയമിച്ചു. ലേബര്‍ കമ്മിഷണറുടെ അധികചുമതല വീണാ മാധവനു നല്‍കി.
തൃശൂര്‍ കലക്ടറായിരുന്ന വി.ആര്‍.കൃഷ്ണ തേജ കേരള കേഡറില്‍നിന്ന് ആന്ധ്രാ കേഡറിലേക്കു മാറിയതോടെയാണു പുതിയ കലക്ടറായി അര്‍ജുന്‍ പാണ്ഡ്യന്റെ നിയമനം. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍കല്യാണിന്റെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി തസ്തികയില്‍ കൃഷ്ണതേജയെ നിയമിക്കുന്നതിനു വേണ്ടിയായിരുന്നു കേഡര്‍ മാറ്റം.
2016ല്‍ ഐഎഎസ് നേടിയ അര്‍ജുന്‍ പാണ്ഡ്യന്‍ ഇടുക്കി സ്വദേശിയാണ്. തിരുവനന്തപുരം കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പഠനത്തിനു ശേഷം കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ ബിടെക് പൂർത്തിയാക്കി. 2014ൽ ടിസിഎസിൽനിന്നു രാജിവച്ചു മുഴുവൻ സമയവും പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
2016ൽ ഐഎഎസ് നേടി. 2019ൽ ഒറ്റപ്പാലം സബ് കലക്ടർ ആയി ചുമതലയേറ്റു. പാലക്കാട് മെഡിക്കൽ കോളജിന്റെ സ്പെഷൽ ഓഫിസർ പദവിയും ഉണ്ടായിരുന്നു. ഡോ. പി.ആർ.അനുവാണു ഭാര്യ.