അർജുന്റെ ലോറി നദിയുടെ അടിത്തട്ടിൽ ഇല്ല; മണ്ണിനടിയിൽ ഉണ്ടോയെന്നറിയാൻ മെറ്റൽ ഡിറ്റക്ടർ പരിശോധന
കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു. നേവിയുടെ ഡൈവർമാർ ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ അർജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടിൽ ഇല്ലെന്ന് സ്ഥിരീകരിച്ചു. മണ്ണിനടിയിൽ ലോറി ഉണ്ടോയെന്ന് ഉറപ്പുവരുത്താൻ മെറ്റൽ ഡിറ്റക്ടറുകൾ എത്തിച്ച് പരിശോധന നടത്തുമെന്ന് കളക്ടർ ഉത്തര കന്നട ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ പറഞ്ഞു.
മെറ്റൽ ഡിറ്റക്ടറുകൾ ചിത്രദുർഗയിൽ നിന്നും മംഗളുരുവിൽ നിന്നും കൊണ്ട് വരും. റോഡിലേക്ക് ഇടിഞ്ഞ മണ്ണിനടിയിൽ ലോറി ഉണ്ടാകുമെന്നാണ് അർജുൻറെ കുടുംബത്തിൻറെ പ്രതീക്ഷ. ലോറിയുടെ ജിപിഎസ് ലോക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചിരുന്നത്. നേവി ഡൈവർമാർക്ക് പുറമെ 100 അംഗം എൻഡിആർഎഫ് സംഘമാണ് മണ്ണ് നീക്കിയുള്ള രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരിക്കുന്നത്.എഡിജിപി ആർ സുരേന്ദ്രയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. ജൂലൈ 16 ന് രാവിലെയാണ് കൂറ്റൻ മണ്ണിടിച്ചിലിൽ പ്രദേശമാകെ തകർന്നത്.
ജിപിഎസ് ലൊക്കേഷൻ വഴി പരിശോധിക്കുമ്പോൾ കഴിഞ്ഞ നാലു ദിവസമായി മണ്ണിനടിയിലാണ് മരം കയറ്റിവന്ന ലോറി കിടക്കുന്നത്. എന്നാൽ ഓഫ് ആയിരുന്ന അർജുന്റെ ഫോൺ ഇന്നലെയും ഇന്നും ബെല്ലടിച്ചതിൽ പ്രതീക്ഷയിലാണ് കുടുംബം. അപകടത്തിൻറെ വാർത്തകൾ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് അർജുൻറെ KA15A 7427 എന്ന മരം കയറ്റി വരികയായിരുന്ന ലോറിയും മണ്ണിനടിയിലാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം കുടുംബം അറിയുന്നത്. തുടർന്ന് ബന്ധുക്കളിൽ ചിലർ അങ്ങോട്ട് പോയി വാഹനത്തിൻറെ ലൊക്കേഷൻ ഉൾപ്പെടെ രക്ഷാപ്രവർത്തകർക്ക് നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
രണ്ടു ദിവസം ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും ഇന്നലെ രാവിലെ ഭാര്യ കൃഷ്ണപ്രിയ വിളിച്ചപ്പോൾ ഫോൺ ബെല്ലടിച്ചു. ഇതോടെ പ്രതീക്ഷകൾ മുളപൊട്ടുകയായിരുന്നു. ഇന്ന് രാവിലെ മണ്ണിനടിയിൽക്കിടക്കുന്ന ലോറിയിൽ നിന്നും വീണ്ടും അർജുന്റെ ഫോൺ ബെല്ലടിച്ചു. ഈ മാസം എട്ടിനാണ് മരത്തിൻറെ ലോഡ് കൊണ്ടു വരാനായി അർജുൻ കർണാടകയിലേക്ക് പോയത്.