കാർ മനഃപൂർവം ലോറിയിൽ ഇടിച്ചു കയറ്റിയത്, അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല; മോട്ടർ വാഹന വകുപ്പ് റിപ്പോര്‍ട്ട്
പത്തനംതിട്ടയിൽ കാർ ലോറിയിലേക്ക് മനഃപൂർവം ഇടിച്ചു കയറ്റിയതാണെന്ന് സ്ഥിരീകരിച്ച് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്. കാർ അമിത വേഗത്തിലായിരുന്നു എന്നും അധികൃതർ അറിയിച്ചു. അപകടത്തിൽ മരിച്ച അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ലോറിയിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ബാരിയർ അപകടത്തിന്റെ ആഘാതം കൂട്ടി. അമിത വേഗത്തിലെത്തിയ കാർ തെറ്റായ ദിശയിലാണ് ഇടിച്ചു കയറ്റിയത്. ബ്രേക്ക് ഉപയോഗിച്ചിരുന്നില്ല. അന്വേഷണ റിപ്പോർട്ട് ഇന്ന് ആർടിഒ എൻഫോഴ്സ്മെന്റ് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കൈമാറും.
കെപി റോഡിൽ ഏഴംകുളം പട്ടാഴിമുക്കിൽ വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തിലാണ് തുമ്പമൺ നോർത്ത് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക അനുജ രവീന്ദ്രൻ(37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം വില്ലയിൽ ഹാഷിം(31) എന്നിവർ മരിച്ചത്. അപകടം മനഃപൂർവം സൃഷ്ടിച്ചതാണോയെന്ന സംശയത്തിനാണ് ആർടിഒ റിപ്പോർട്ടോടെ കൃത്യത വന്നിരിക്കുന്നത്. അനുജ ഉൾപ്പെടെ അധ്യാപകർ സ്കൂളിൽനിന്നു തിരുവനന്തപുരത്തേക്കു വിനോദയാത്രയ്ക്കു പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി 10.15നു മിനി ബസ് കുളക്കടയിൽ എത്തിയപ്പോൾ ഹാഷിം കാർ ബസിനു മുന്നിൽ കയറ്റിനിർത്തി. അനുജയെ വിളിച്ചെങ്കിലും ആദ്യം അവർ ഇറങ്ങിയില്ല. അവർ ഇരുന്ന സീറ്റിന്റെ ഭാഗത്തേക്കു വന്നപ്പോൾ സഹോദരൻ വിഷ്ണു ആണെന്നു പറഞ്ഞാണ് അനുജ ഹാഷിമിനൊപ്പം പോയതെന്ന് സഹഅധ്യാപകർ പൊലീസിനു മൊഴി നൽകി. അമിത വേഗത്തിൽ തെറ്റായ ദിശയിലൂടെ പോയ കാർ അടൂരിൽനിന്നു പത്തനാപുരം ഭാഗത്തേക്കു പോയ ലോറിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു.